പാലാ: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാളാണ് യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന് യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണമെന്ന് മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ സി പി സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം സാബു എബ്രാഹം ആവശ്യപ്പെട്ടു.
2015ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന വിവാദ കരാര്‍ തയ്യാറാക്കിയത്. വിവാദ കരാര്‍ പ്രകാരം കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകള്‍ വരാനിരിക്കുന്ന 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചോദിക്കില്ലാ എന്ന് മുന്‍കൂറായി എഴുതി തയ്യാറാക്കിയത് ഇപ്പോഴത്തെ യു ഡി എഫിന്റെ സ്വതന്ത്രന്‍ അഡ്വ. ജോസ് ടോമാണെന്ന് സാബു എബ്രഹം ചൂണ്ടിക്കാട്ടി. അതില്‍ കൈപ്പടയും സാക്ഷിയും എന്നെഴുതി ഒപ്പിട്ടിരിക്കുന്നത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസ് ടോമാണെന്ന് കരാറിന്റെ പകര്‍പ്പ് പുറത്തുവിട്ടു കൊണ്ട് സാബു പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കുകയും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് അടിച്ചുമാറ്റി കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയ ജോസ് കെ മാണിക്ക് ഉചിതമായ രാഷ്ട്രീയ മറുപടി കൊടുക്കാനുള്ള സുവര്‍ണ്ണാവസരം കോണ്‍ഗ്രസുകാര്‍ നഷ്ടപ്പെടുത്തില്ലാ എന്നാണ് വിശ്വാസം. കോണ്‍ഗ്രസിനെ എക്കാലത്തും പിന്നില്‍ നിന്നും കുത്തി അപമാനിക്കുകയാണ് കേരളാ കോണ്‍ഗ്രസിന്റെ നയം. പാലായില്‍ എല്‍ ഡി എഫും കുറെ സ്വതന്ത്രന്മാരും തമ്മിലാണ് മത്സരം നടക്കുന്നത്. ഇവിടെ ഇടതു മുന്നണിക്കു മാത്രമാണ് രാഷ്ട്രീയ മുഖമുള്ളത്. ചിഹ്നം നഷ്ടപ്പെട്ടവര്‍ക്ക് രാഷ്ട്രീയ അസ്ഥിത്വവും മുഖവും ഇല്ലാതായതിന്റെ ദുഃഖമാണ് പാലായില്‍ രാഷ്ട്രീയം പറയൂ എന്ന രമേശ് ചെന്നിത്തലയുടെ വെപ്രാളത്തില്‍ നിന്നും മനസിലാകുന്നത്. പാലായുടെ വികസനം സംബന്ധിച്ചാണ് പാലായില്‍ സംസാരിക്കേണ്ടത്. പാലായിലെ കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കും വേണ്ടി പാലാഴി ടയേഴ്‌സ് എന്ന വന്‍കിട ടയര്‍ ഫാക്ടറി നിര്‍മ്മിക്കുമെന്ന സ്വപ്നം നല്‍കിയിട്ട് അത് ഉപേക്ഷിച്ചത് ടയര്‍ കമ്പനികളില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടാണെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ട്.
ഉഴവൂര്‍ വിജയന്റെ രാഷ്ട്രീയ പാത പിന്‍തുടരുന്നവര്‍ക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഇടതുപക്ഷത്തെ തള്ളി പറയാന്‍ കഴിയില്ലെന്നും ഉഴവൂര്‍ പക്ഷമെന്നാല്‍ അത് ഇടതുപക്ഷമാണെന്നും ഉഴവൂര്‍ വിജയന്റെ അടുത്ത അനുയായിയുമായിരുന്ന സാബു എബ്രാഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയും എല്‍ ഡി എഫും പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ തര്‍ക്കങ്ങള്‍ക്കു പ്രസക്തി ഇല്ലെന്നും ഇടതുമുന്നണിയുടെ വിജയത്തിനാണ് പ്രഥമ പരിഗണനയെന്നും മാണി സി കാപ്പന്റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടാണെന്നും സാബു വ്യക്തമാക്കി.
വീഡിയോ കാണാം... Click here


