Latest News
Loading...

പത്രിക നല്‍കിയത് ചിഹ്നം വളഞ്ഞമാര്‍ഗത്തിലൂടെ കൈക്കലാക്കാതിരിക്കാന്‍; ജോസഫ്



ജോസ്.കെ.മാണി പക്ഷം കൃത്രിമമാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന്റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് പറഞ്ഞു.

സൂക്ഷ്മപരിശോധനയുടെ സമയത്ത് ചിഹ്നം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ആളുണ്ടാവണം എന്നതിനാലാണ് മറ്റൊരു സ്ഥാനാര്‍ഥിയെ കൂടി നിര്‍ത്തിയത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വിമതനല്ല. തങ്ങളുടെ ഭാഗത്തുനിന്ന് വിമത നീക്കമുണ്ടാകില്ല. ജോസഫ് എത്തിയ സമയത്ത് തന്റെ പി.എ ഒപ്പമുണ്ടായിരുന്നത് പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകള്‍ വരണാധികാരിക്ക് നല്‍കാനാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.

കൃത്രിമ മാര്‍ഗത്തിലൂടെ ചിഹ്നം നേടാനുള്ള ശ്രമം തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പ്രാദേശികമായി നേതാക്കള്‍ അവരുടെ സാമാന്യബോധം ഉപയോഗിച്ച് ചെയ്തതാണ് അത്. പ്രത്യേക സാഹചര്യത്തിന് അനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചതാണ്. ഇക്കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് ബോധ്യപ്പെട്ടോളുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യമാണ് പത്രിക സമര്‍പ്പിക്കാന്‍ കാരണമെന്ന് ജോസഫ് കണ്ടത്തിലും പ്രതികരിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിനെതിരെ ജോസ് കെ. മാണി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യുഡിഎഫ് തീരുമാനത്തിന്റെ നഗ്‌നമായ ലംഘനമാണ് പിജെ ജോസഫ് വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.