ഉപതിരഞ്ഞെടുപ്പ് വിജയിയെ കുറിച്ചുള്ള മജീഷ്യൻ കണ്ണൻമോന്റെ പ്രവചനവും കിറുകൃത്യം. വിജയിയായ മാണി.സി.കാപ്പന് ലഭിച്ച ആകെ വോട്ടും ( 54000-നും 55000നും ഇടയിലെന്ന്) ഭൂരിപക്ഷവും ( 2500നും 3000നും ഇടയിലെന്ന്) കണ്ണൻമോന്റെ പ്രവചനരേഖയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പ് ഫലം പലരേയും ഞെട്ടിക്കുമെന്നും ഫല പ്രവചനത്തിന്റെ തുടക്കത്തിൽ തന്നെ മജീഷ്യൻ രേഖപ്പെടുത്തിയിരുന്നതും കൗതുകമായി. ഇതോടെ കേരളത്തിൽ ആദ്യമായി മാജിക്കിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ബാല മജീഷ്യൻ എന്ന ബഹുമതിയും കണ്ണൻമോന് സ്വന്തമായി.
സാക്ഷികളായി ഒപ്പിട്ട പ്രമുഖരുടെയും നിയുക്ത എം. എൽ. എ. മാണി സി. കാപ്പൻ മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരുടേയും സാന്നിധ്യത്തിലാണ് ഇന്നലെ കണ്ണൻമോന്റെ പ്രവചനപ്പെട്ടി ബാങ്ക് ലോക്കറിൽ നിന്നെടുത്ത് തുറന്നത്. തുടർന്ന് സീൽ ചെയ്ത കവർ പൊട്ടിച്ച് കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് സി. കാപ്പൻ, മജീഷ്യൻ പ്രവചനത്തിൽ രേഖപ്പെടുത്തിയിരുന്ന കാര്യങ്ങൾ ഉറക്കെ വായിച്ചു. ഫലപ്രവചനത്തിനൊപ്പം വിജയിച്ച മാണി.സി.കാപ്പന്റെ പേരെടുത്ത് അഭിസംബോധന ചെയ്ത് എം. എൽ. എ എന്ന നിലയിൽ പാലാ മണ്ഡലത്തിൽ അത്യാവശ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ നിവേദനമായും കണ്ണൻ മോൻ രേഖപ്പെടുത്തിയിരുന്നു.
തന്റെ തിരഞ്ഞെടുപ്പ് പ്രവചനം കൃത്യമായത് ഇന്ത്യൻ ജാലവിദ്യയുടെ വിജയമായാണ് കാണുന്നതെന്ന് കണ്ണൻ മോൻ പറഞ്ഞു. രാമപുരം വെള്ളിലാപ്പിളളി സെന്റ് ജോസഫ്സ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ കണ്ണൻ മോൻ എന്ന എസ്. അഭിനവ് കൃഷ്ണ 9 വർഷമായി മാജിക് രംഗത്തുണ്ട്. ഒരു സിനിമയിലും അഭിനയിച്ചു. നിരന്തര പരിശീലനം വഴി ജാലവിദ്യയിലൂടെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച മജീഷ്യൻ കണ്ണൻ മോനെ നിയുക്ത എം.എൽ.എ . മാണി.സി. കാപ്പൻ, ജോസ്. കെ.മാണി എം.പി, പാലാ നഗരസഭാധ്യക്ഷ ബിജി ജോജോ, എന്നിവർ അഭിനന്ദിച്ചു. മാണി.സി. കാപ്പൻ, മജീഷ്യൻ കണ്ണൻ മോനെ പൊന്നാട അണിയിച്ചാദരിച്ചു. എം.എൽ.എ. എന്ന നിലയിൽ തനിക്ക് ആദ്യമായി നിവേദനം നൽകിയ ആൾ കണ്ണൻ മോനാണെന്നും അതിലെ ആവശ്യങ്ങൾ എത്രയും വേഗം നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു.




