പാലാ: തികഞ്ഞ ആത്മവിശ്വാസത്തോടെ നിശബ്ദ പ്രചാരണവുമായി മാണി സി കാപ്പന്‍ പാലാ മണ്ഡലത്തില്‍ . ശ്രീനാരായണഗുരു സമാധിയോടുള്ള ആദരവിന്റെ ഭാഗമായി ഇന്ന് ഇടതുമുന്നണി നിശബ്ദ പ്രചാരണത്തിന് തീരുമാനിക്കുകയായിരുന്നു.
രാവിലെ മരണ വീടുകള്‍ സന്ദര്‍ശിച്ചു അനുശോചനമറിയിച്ചു. തുടര്‍ന്നു സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടു തേടി.തുടര്‍ന്ന് ഉച്ചയോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പാലാ രൂപതാ കോര്‍പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക അനധ്യാപക സംഗമ ചടങ്ങില്‍ എത്തി വോട്ടു തേടി.
കൂപ്പുകൈകളുമായി വോട്ടു തേടിയ മാണി സി കാപ്പനെ പുഞ്ചിരിയോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചു. ചിലര്‍ വിശേഷങ്ങളുമായി അടുത്തുകൂടി. മെഡിസിറ്റി കാണാനെത്തിയ ചിലര്‍ക്ക് സ്ഥാനാര്‍ത്ഥിയോടൊപ്പം സെല്‍ഫിയെടുക്കണം. ഒരു കുട്ടി ഓടി വന്ന് പരിചയപ്പെട്ടു. ശേഷം ഫോട്ടോയും എടുത്തു. പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടു അഭ്യര്‍ത്ഥിച്ച ശേഷം കൊട്ടാരമറ്റത്തുള്ള സി പി എം ഓഫീസില്‍ എത്തി. അവിടെ മന്ത്രി എം എം മണി, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ ജെ തോമസ്, വി എന്‍ വാസവന്‍, ലാലിച്ചന്‍ ജോര്‍ജ് എന്നിവരുമായി ചര്‍ച്ച. തുടര്‍ന്നു കാത്തു നിന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കി. വീണ്ടും നിശബ്ദ പ്രചാരണത്തിന് പുറപ്പെട്ടു.
ഇടപ്പാടി ആനന്ദക്ഷണ്‍മുഖ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ശ്രീ നാരായണഗുരു സമാധി ദിനാചരണ ചടങ്ങില്‍ പങ്കെടുത്ത മാണി സി കാപ്പന്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടു തേടി.



