പാലാ രൂപത പണി തീര്‍ത്തിരിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി ആശീര്‍വാദം ഇന്ന് വൈകിട്ട് നടക്കും. മെഡിസിറ്റിയുടെ വെഞ്ചരിപ്പ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് 3 മണിയ്ക്ക് നിര്‍വഹിക്കും. വലിയ പട്ടണ പ്രദേശങ്ങളില്‍ മാത്രം ലഭിക്കുന്ന ചിലവേറിയ വിദഗ്ധ ചികിത്സ ഇടുക്കി, മൂലമറ്റം, തൊടുപുഴ , ഈരാട്ടുപേട്ട, എരുമേലി, പാലാ, തുടങ്ങിയ മേഖലിയിലുള്ളവര്ക്കും ഇതോടെ ലഭ്യമാവും.
ചടങ്ങില് ബിഷപ്പുമാരായ ,മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാമ്പറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
വെഞ്ചരിപ്പിനെ തുടര്‍ന്ന്‍ ഒരാഴ്ചത്തേക്ക് ഓപ്പണ്‍ ഹൌസ് ദിനങ്ങളായിരിക്കും. ഓപ്പണ്‍ ഹൌസ് ദിനങ്ങളില്‍ വിവിധ സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും ഹോസ്പിറ്റല്‍ കാണുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയായ Palai Diocesan Medical Education Trust ന്റെ കീഴിലാണ് മാര്‍ സ്ലീവാ മെഡിസിറ്റി പ്രവര്‍ത്തിക്കുന്നത്. പാലാ- ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഉണ്ണിമിശിഹാ പള്ളിക്ക് സമീപം 27 ഏക്കര്‍ സ്ഥലത്ത് 567000 ചതുരശ്ര അടിയുള്ള മെഡിസിറ്റി കെട്ടിടസമുച്ഛയമാണ് പണിപൂര്‍ത്തിയാക്കിയത്.




