Latest News
Loading...

ഈരാറ്റുപേട്ടയില്‍ ചെയര്‍മാനായി. 20 മിനുട്ട് മാത്രം!


വി.കെ കബീര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് ശേഷം നാഥനില്ലാതായ ഈരാറ്റുപേട്ട നഗരസഭയില്‍ പുതിയ ചെയര്‍പേഴ്‌സണായി എല്‍ഡിഎഫിലെ ലൈല പരീതിനെ തെരഞ്ഞെടുത്തു. പക്ഷേ 20 മിനുട്ടിനുള്ളില്‍ പുതിയ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചതോടെ വീണ്ടും പഴയ പടിയായി. എസ്ഡിപിഐ പിന്തുണയോടെ അധികാരം വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ചാണ് ചെയര്‍പേഴ്‌സണ്‍ തല്‍സ്ഥാനം രാജിവെച്ചത്. 

28 അംഗ നഗരസഭയില്‍ 2 മുന്‍ജനപക്ഷ അംഗങ്ങളൊഴികെ 26 പേരും ഹാജരായിരുന്നു. യുഡിഎഫിനുവേണ്ടി വി.എം സിറാജ് എല്‍ഡിഎഫിനായി ലൈല പരീതുമാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. എസ്.ഡി.പി.ഐ അംഗങ്ങളുടേതുള്‍പ്പെടെ 14 വോട്ട് ലൈല പരീതിന് ലഭിച്ചപ്പോള്‍ സിറാജിന് 12 വോട്ടുകള്‍ ലഭിച്ചു. എസ്ഡിപിഐയുടെ വോട്ടുകളോടെ ഭരണം വേണ്ടെന്ന നിലപാട് സിപിഎം തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്തശേഷം രാജിവെയ്ക്കണമെന്നും സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ വാക്കുതര്‍ക്കവുമുണ്ടായി. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം, ലൈല പരീത് രാജിക്കത്ത് സൂപ്രണ്ടിന് കൈമാറി. 


എല്‍ഡിഎഫിന്റെ രാഷ്ട്രീയ നെറികേടാണ് പുറത്തുവന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം സിറാജ് പ്രതികരിച്ചു. വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടതുമുന്നണി ആവശ്യപ്പെട്ടതുകൊണ്ടാണ് തങ്ങള്‍ വോട്ടുചെയ്തതെന്ന് എസ്ഡിപിഐ നേതൃത്വം വിശദീകരിച്ചു. മുന്‍ ജനപക്ഷാംഗങ്ങള്‍ ഇന്നലെ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന് പ്രസ്താവിച്ചിരുന്നു. അവരെ അധികാരത്തില്‍നിന്നും ഒഴിവാക്കാനാണ് വോട്ട് ചെയ്തത്. യു.ഡി.എഫ് വോട്ട് ചെയ്യണെമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും കൗണ്‍സിലര്‍ കൂടിയായ സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

എന്നാല്‍ വര്‍ഗീയകക്ഷിയായ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്നാണ് നിലപാടെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയകക്ഷിയായ സിപിഎമ്മിന് ആ ബന്ധം ആവശ്യമില്ല. ആരോടും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ലോക്കല്‍സെക്രട്ടറി വ്യക്തമാക്കി. 

ആരും ഭീഷണിപ്പെടുത്തിയടുകൊണ്ടല്ല പങ്കെടുക്കാതിരുന്നതെന്ന് ഹസീബ് വ്യക്തമാക്കി. തങ്ങള്‍ സ്വതന്ത്ര അംഗങ്ങളാണ്. പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് വരാതിരുന്നതെന്നും ഹസീബ് പറഞ്ഞു. 

ഏതായാലും ഈരാറ്റുപേട്ട നഗരസഭയില്‍ വീണ്ടും ചെയര്‍മാനില്ലാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തി. പുതിയ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സിപിഎം എസ്ഡിപിഐ പിന്തുണയെ തള്ളിപ്പറഞ്ഞതെന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്തുണ്ട്.

വീഡിയോ കാണാം... Click here