Latest News
Loading...

ഈരാറ്റുപേട്ടയില്‍ 108 ആംബുലന്‍സ് അനുവദിക്കാത്തതില്‍ പ്രതിഷേധം



കോട്ടയം ജില്ലയില്‍ 17-ഓളം 108 ആംബുലന്‍സുകള്‍ അനുവദിച്ചപ്പോള്‍ ജനസാന്ദ്രതയേറിയ ഈരാറ്റുപേട്ടയില്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നതില്‍ പ്രതിഷേധം. താരതമ്യേന ചെറിയ പഞ്ചായത്തായ പൂഞ്ഞാറിലെ പി.എച്ച്.സിയില്‍ ആംബുലന്‍സ് അനുവദിച്ചെങ്കിലും ഈരാറ്റുപേട്ടയെ തഴയുകയായിരുന്നുവെന്നാണ് ആക്ഷേപം. 

ഇടമറുക് സി.എച്ച്.സി, മുണ്ടക്കയം സി.എച്ച്.സി, കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് എന്നിവടങ്ങളിലാണ് ആംബുലന്‍സ് അനുവദിച്ചിരിക്കുന്ന സമീപ ആശുപത്രികള്‍. പൂഞ്ഞാറിലും ഇടമറുകിലും, മുണ്ടക്കയത്തും രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെയാണ് 108 ആംബുലന്‍സ് സേവനം ലഭ്യമാവുക. എരുമേലി സി.എച്ച്,സിയിലും കാഞ്ഞിരപ്പള്ളിയിലും 24 മണിക്കൂറും സേവനം ലഭിക്കും. 


108ല്‍ വിളിച്ചാല്‍ എത്രയും വേഗം ആംബുലന്‍സ് ലഭ്യമാക്കുന്നതിനൊപ്പം തൊട്ടടുത്തുള്ള ആശുപത്രിയില്‍ വിവരമറിയിച്ചു വേണ്ടത്ര സൗകര്യം ഒരുക്കും. ഇതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ആംബുലന്‍സിലുള്ള ടെക്‌നീഷ്യന്‍ പരുക്കേറ്റയാളിന്റെ അവസ്ഥയെക്കുറിച്ച് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കോള്‍ സെന്ററില്‍ അറിയിക്കും ഏത് ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു നിര്‍ണയിക്കാന്‍ വേണ്ടിയാണ് ഇത്. കോള്‍ സെന്ററിലുള്ളവര്‍ക്കു തീരുമാനം എടുക്കാനായില്ലെങ്കില്‍ ടെലി കോണ്‍ഫറന്‍സ് വഴി ഡോക്ടറുമായി ചര്‍ച്ച ചെയ്ത് ഏത് ആശുപത്രിയിലാണു പ്രവേശിപ്പിക്കേണ്ടതെന്ന് ഉറപ്പാക്കും.

അതേസമയം അമ്പതിനായിരത്തോളം ജനസംഖ്യയുള്ള ഈരാറ്റുപേട്ടയിലെ കുടുംബാരോഗ്യകേന്ദ്രത്തിലേയ്ക്ക് ആംബുലന്‍സ് അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. ദിവസനേ അഞ്ഞൂറോളം പേര്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ, മേഖലയിലെ വാഹനത്തിരക്കും അപകടസാധ്യതയും കണക്കിലെടുക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് നഗരസഭാ കൗണ്‍സിലറും മുന്‍ ചെയര്‍മാനുമായ ടി.എം റഷീദ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്ന് അറിയിച്ചു. 

ഈരാറ്റുപേട്ടയ്ക്ക് ആംബുലന്‍സ് ഉണ്ടെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ

ഈരാറ്റുപേട്ടയ്ക്ക് ആവശ്യത്തിനുള്ള ആംബുലന്‍സുകളുണ്ടെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ ആംബുലന്‍സ് ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.