നഗരസഭയിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിൽ സംസ്ഥാനമൊട്ടാകെ പാലാ ശ്രദ്ധ നേടുമ്പോൾ നാളെ പാലായിൽ ജനത്തിരക്കേറും. രാഷ്ട്രീയ സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ ആവില്ല ആ വരവ്. അഭ്ര പാളികളിലെ താരസുന്ദരി മാരായ ഹണി റോസും സ്വാസികയും നാളെ പാലായിൽ എത്തും. രണ്ടു പരിപാടികളും ഒരേസമയത്ത് ആകുന്നതോടെ ഓടിയെത്താൻ ആരാധകർ പാടുപെടും.
.സംസ്ഥാനമെമ്പാടും ഷോറൂമുകൾ ഉള്ള ബോബി ചെമ്മണ്ണൂരിന്റെ ജൂവലറി പാല കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് സ്വാസിക എത്തുന്നത്. നിർമ്മാണം പൂർത്തിയായ ശേഷം ഏറെ നാൾ വെറുതെ കിടന്ന കെട്ടിടം ബോബി ചെമ്മണ്ണൂർ ഏറ്റെടുത്തത് കെഎസ്ആർടിസിക്ക് മികച്ച വരുമാന സാധ്യതയാണ് നൽകുന്നത്. മികച്ച പാർക്കിംഗ് സൗകര്യവും സ്ഥാപനത്തിന് മുതൽക്കൂട്ടാകും. സ്വാസികയ്ക്കൊപ്പം ബോബി ചെമ്മണ്ണൂരും ശ്രദ്ധാകേന്ദ്രമാകും.
.റിവർവ്യൂ റോഡിൽ മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തുന്നത്. പലതവണ പാലായിലും സമീപപ്രദേശങ്ങളിലും എത്തിയിട്ടുള്ള ഹണി റോസിന് പാലായിലും ആരാധകർ ഏറെ ഉണ്ട്.
രണ്ട് ഉദ്ഘാടന വേദികളിലും നിന്ന് 50 മീറ്റർ മാത്രം അകലെയാണ് നഗരസഭ കാര്യാലയം. സംസ്ഥാന രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ചലനങ്ങളാണ് , പുറത്ത് ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുമ്പോൾ നടക്കാൻ പോകുന്നത്. ആറുമാസം കൊണ്ട് തകർന്നുവീണ യുഡിഎഫ് ഭരണസമിതി വിമതശല്യവും കളം മാറ്റി ചവിട്ടലും തുടരുമ്പോൾ എങ്ങോട്ട് പോകുന്നു എന്നതും ശ്രദ്ധേയമാണ്.
നഗരസഭ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ ഉദ്ഘാടനങ്ങൾ കൂടി വന്നു പെട്ടതോടെ പെട്ടുപോയത് മാധ്യമ സ്ഥാപനങ്ങളാണ്. സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ഉള്ളതിനാൽ ഉദ്ഘാടനങ്ങൾ കവർ ചെയ്യാൻ എത്തേണ്ടിവരും. എന്നാൽ അതിലും വലിയവാർത്താ പ്രാധാന്യമുള്ള നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കാനാവില്ല. പകരം സംവിധാനങ്ങൾ ഒരുക്കി മാധ്യമ സ്ഥാപനങ്ങൾ പ്രതിസന്ധിയെ നേരിടുമ്പോൾ , താര സുന്ദരിമാരെ കാണാനുള്ള തിരക്കിൽ പാലാ നഗരം വീർപ്പുമുട്ടാൻ ആണ് സാധ്യത.





0 Comments