Latest News
Loading...

ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലാ നഗരസഭ കൗണ്‍സിലര്‍ ബിജു മാത്യൂസ്



കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നിഷേധനിലപാടുകളും ബുദ്ധിശൂന്യതയുമാണ് പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍ ബിജു മാത്യൂസ് ആരോപിച്ചു. നഗരസഭയില്‍ ഉടലെടുത്ത തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സമയോചിതമായി പരിഹരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം.


കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം ഏകപക്ഷീയമായ നിലപാടുകളാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിക്കുന്നു. യുഡിഎഫ് മുന്നണിയിലെ ധാരണകളും കൗണ്‍സിലര്‍മാര്‍ക്കിടയിലെ തര്‍ക്കങ്ങളും പരിഹരിക്കപ്പെടാതെ പോയതോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതി പുറത്താക്കപ്പെടുകയായിരുന്നു. 



.അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജു മാത്യൂസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും സംഘടനാ തലത്തില്‍ അയോഗ്യതാ നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുറത്താക്കല്‍ നടപടി ഉണ്ടായിരുന്നില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്ന റിയ തെരഞ്ഞെടുക്കപ്പെടുമായിരുന്നുവെന്നും ബിജു ചൂണ്ടിക്കാട്ടി.  തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന വാഗ്ദാനം നല്കി ലിസിക്കുട്ടി മാത്യുവിനെ വഞ്ചിച്ചുവെന്നും ബിജു ചൂണ്ടിക്കാട്ടി 




.നഗരസഭയിലെ ഭരണപരമായ തകര്‍ച്ചയ്ക്ക് കാരണം താഴെത്തട്ടിലുള്ള കൗണ്‍സിലര്‍മാരല്ല, മറിച്ച് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ തീരുമാനങ്ങളെടുത്ത കോട്ടയം ജില്ലാ കോണ്‍ഗ്രസ് നേതൃത്വമാണെന്ന് വ്യക്തമാക്കിയാണ് ബിജു മാത്യൂസ് നാട്ടകം സുരേഷിനെതിരെ രംഗത്തെത്തിയത്. ഡിസിസി നേതൃത്വത്തിനെതിരെ ബിജു നടത്തുന്ന ഇത്തരം വിമര്‍ശനം തിരിച്ചുവരവിനുള്ള വാതില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. 




Post a Comment

0 Comments