Latest News
Loading...

പഴമയുടെ മണിയൊച്ചയിൽ ഓണപ്പെരുമ 2K26 ന് വിളംബരം ശ്രദ്ധേയമായി



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നിയിൽ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണപ്പെരുമ 2K26’ന് വ്യത്യസ്തമായ വിളംബരം. ഡിജിറ്റൽ കാലത്ത് സന്ദേശങ്ങൾ നിമിഷങ്ങൾക്കകം കൈമാറുന്ന പുതിയ തലമുറയ്ക്ക് പഴയകാല ആശയവിനിമയ സംവിധാനത്തിന്റെ ഓർമകൾ പകർന്നുനൽകി രാജഭരണകാലത്തെ അഞ്ചലോട്ടക്കാരന്റെ വേഷത്തിൽ നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി.


.കുന്നോന്നി പൊങ്ങലയിൽ വിജയനാണ് പഴയകാല അഞ്ചലോട്ടക്കാരന്റെ വേഷത്തിലെത്തിയത്. റിട്ട. പോസ്റ്റൽ . ജീവനക്കാരനായ വിജയൻ തലയിൽ തപാൽച്ചാക്കും കൈയിൽ മണിവടിയുമായി അഞ്ചലോട്ടക്കാരന്റെ രൂപം പുനരാവിഷ്കരിച്ചാണ് വിളംബരജാഥയിൽ പങ്കെടുത്തത്. മണിയൊച്ച മുഴക്കി അഞ്ചലോട്ടക്കാരൻ ഓടിയെത്തിയപ്പോൾ പ്രദേശവാസികൾക്കും കുട്ടികൾക്കും കൗതുകമായി.


.ഞായറാഴ്ച രാവിലെ കുന്നോന്നി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഓണപ്പെരുമ 2K26 കൺവീനർ പി.വി. വിജേഷ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ ഓണപ്പെരുമ 2K26 ന്റെ നോട്ടീസ് അഞ്ചലോട്ടക്കാരനായ വിജയന് കൈമാറി വിളംബരത്തിന് തുടക്കം കുറിച്ചു.

 
തുടർന്ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി ടൗൺ, കടലാടിമറ്റം, ആലുംന്തറ തുടങ്ങിയ പ്രദേശങ്ങളിലൂടെ അഞ്ചലോട്ടക്കാരന്റെ വേഷത്തിൽ വിജയൻ മണിയൊച്ചയുമായി സഞ്ചരിച്ചു. പഴയകാലത്ത് കത്തുകളും ഔദ്യോഗിക സന്ദേശങ്ങളും വിവിധ പ്രദേശങ്ങളിലെത്തിച്ചിരുന്ന അഞ്ചലോട്ടക്കാരുടെ ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേറിട്ട കാഴ്ചയായി വിളംബരജാഥ മാറി.


.ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വ്യാപകമായ സാഹചര്യത്തിലും നാടിന്റെ ചരിത്രവും പൈതൃകവും പഴയകാല ജീവിതരീതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചലോട്ടക്കാരന്റെ ആശയം വിളംബരത്തിൽ ഉൾപ്പെടുത്തിയത്. പഴമയുടെ ഓർമകളും പുതുതലമുറയുടെ ആഘോഷവൈവിധ്യങ്ങളും ഒരുമിപ്പിക്കുന്നതായി പരിപാടി മാറി.

യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര കുന്നോന്നിയിൽ സംഘടിപ്പിക്കുന്ന ഓണപ്പെരുമ 2K26 ന്റെ ഭാഗമായി അത്തപ്പൂക്കളം, വോളിബോൾ, വടംവലി, കട്ട് പോസ്റ്റ് ടൂർണമെന്റ്, ടൂ വീലർ ഫാൻസി ഡ്രസ് മത്സരം, വിവിധ ഓണക്കളികൾ, കായിക മത്സരങ്ങൾ, നാടൻ വിനോദങ്ങൾ, കലാപരിപാടികൾ തുടങ്ങിയ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.



.നാടിന്റെ കൂട്ടായ്മയും സൗഹൃദവും പാരമ്പര്യവും ആഘോഷമാക്കുന്നതിനൊപ്പം കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കാളികളാകാൻ അവസരമൊരുക്കുകയാണ് ഓണപ്പെരുമ 2K26 ലക്ഷ്യമിടുന്നത്. പഴമയുടെ മണിയൊച്ചയിൽ ആരംഭിച്ച വിളംബരം കുന്നോന്നിയിലെ ഓണാഘോഷത്തിന് ആവേശകരമായ തുടക്കമായി.



Post a Comment

0 Comments