ആവേശവും അഭിമാനവും നിറഞ്ഞ അന്തരീക്ഷത്തിൽ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SJCET PALAI ) ഈ വർഷത്തെ കോളേജ് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കോളേജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആഘോഷമായി മാറിയ ചടങ്ങിൽ, 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിന്റെ സംവിധായകനും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡൊമിനിക് അരുൺ മുഖ്യാതിഥിയായി പങ്കെടുത്തു.
വർഷങ്ങൾക്ക് ശേഷം താൻ പഠിച്ചു വളർന്ന കലാലയ മുറ്റത്തേക്ക് അതിഥിയായല്ല, മറിച്ച് ഒരു കുടുംബാംഗമായാണ് എത്തിയതെന്ന് ഡൊമിനിക് അരുൺ തന്റെ പ്രസംഗത്തിൽ പറഞ്ഞു. മലയാള സിനിമയെ 300 കോടി ക്ലബ്ബിലെത്തിച്ച 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകനായി മാറിയ ഡൊമിനിക് അരുൺ, പാലാ എസ്.ജെ.സി.ഇ.ടിയിലെ 2007 ബാച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് & എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ്.
2017-ൽ 'തരംഗം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. 2026 മാർച്ച് 28നു നടന്ന ചടങ്ങിൽ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഡൊമിനിക് അരുൺ, തന്റെ പ്രൊഫഷണൽ ജീവിതത്തിൽ സിനിമ തിരഞ്ഞെടുത്തതും 'ലോക' പോലുള്ള വമ്പൻ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതും വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നടന്ന സംവാദത്തിൽ, സാങ്കേതിക വിദ്യയും കലയും എങ്ങനെ സമന്വയിപ്പിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കോളേജിലെ പഠനകാലം തന്റെ സർഗ്ഗാത്മക ചിന്തകളെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം ഓർത്തെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു.
സമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ചു., പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരാംവേലിൽ,സ്റ്റുഡന്റ് ഡീൻ ഡോ ലിജോ പോൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments