പാലാ: പാലാ–പൊൻകുന്നം റോഡിൽ പൂവരണിയിൽ കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി (47) ആണ് മരിച്ചത്. മകൻ അതുൽ കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.ഇന്ന് വൈകിട്ട് 3.15ഓടെയാണ് അപകടം ഉണ്ടായത്. പൈക ഭാഗത്തുനിന്ന് എത്തിയ കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാർ പാലായിൽ നിന്ന് ഉരുളികുന്നത്തേക്ക് പോകുകയായിരുന്ന സുജിതകുമാരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
.ഇടിയുടെ ആഘാതത്തിൽ സുജിതകുമാരിയും മകൻ അതുൽ കൃഷ്ണയും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീണു. ഗുരുതരമായി പരിക്കേറ്റ സുജിതകുമാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
.അപകടത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റതിനെ തുടർന്ന് ഇവരെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





0 Comments