Latest News
Loading...

കൂറ്റന്‍ ജലസംഭരണി നിര്‍മാണം നേരിട്ട്കണ്ട് ടോമിച്ചന്റെ പോരാട്ടവിജയം



മലങ്കര കുടിവെള്ള പദ്ധതിയ്ക്കായി നിര്‍മിക്കുന്ന തിടനാട് പഞ്ചായത്തിലെ വലിയ ജലസംഭരണിയുടെ നിര്‍മാണപുരോഗതി, വിവരാവകാശ നിയമപോരാട്ടത്തിലൂടെ കാണാനുള്ള അനുമതി നേടിയെടുത്ത് ടോമിച്ചന്‍ സ്‌കറിയ. തിടനാട് പഞ്ചായത്തില്‍ മാടമലയില്‍ നിര്‍മിക്കുന്ന ടാങ്കാണ് ടോമിച്ചന്‍ വിശദമായി ചുറ്റിനടന്ന് നിരീക്ഷിച്ചത്. മുന്‍പ് 12 വര്‍ഷത്തോളം സൗദയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള ടോമിച്ചന് , ടാങ്ക് നിര്‍മാണത്തെ സംബന്ധിച്ച് ചിലതൊക്കെ ചൂണ്ടിക്കാട്ടാനുമുണ്ട്. 



മാടമലയില്‍ 15 സെന്റില്‍ പത്തരലക്ഷം സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മിക്കുന്നത്. പദ്ധതിയുടെ ആദ്യകാലം മുതല്‍ ഉദ്യോഗസ്ഥരെ വിവിധ സൈറ്റുകള്‍ കാണിക്കുന്നതിലടക്കം ടോമിച്ചന്‍ കൂടെയുണ്ടായിരുന്നു. നിര്‍മാണമാരംഭിച്ച്, അത് കാണണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തനികൊണം കാണിച്ചു. സുരക്ഷയില്ലെന്നും തന്ത്രപ്രധാന സ്ഥാനമാണെന്നും മറ്റുമായിരുന്നു മറുപടി. ഇതോടെ വിവരാവകാശം പ്രകാരം അപേക്ഷിച്ചു. സമാനമറുപടി ലഭിച്ചതോടെ അപ്പീലിന് പോയി. 



വാട്ടര്‍ അതോറിറ്റിയുടെ മാനുവല്‍ പ്രകാരം നിര്‍മാണസ്ഥലം നിരോധിത ഏരിയ അല്ലെന്ന് ടോമിച്ചന്‍ വാദിച്ചു. അതേസമയം, നിര്‍മാണസൈറ്റില്‍ വേണമെന്ന് നിര്‍ദേശിക്കുന്ന പല കാര്യങ്ങളും ഉണ്ടായിരുന്നുമില്ല. റെകോഡുകള്‍ വേണമെങ്കില്‍ പരിശോധിക്കാം എന്നായിരുന്നു അധികൃതരുടെ നിലപാട്. കോട്ടയത്ത് നടത്തിയ അപ്പീലില്‍ ഉദ്യോഗസ്ഥ സാന്നിധ്യത്തില്‍ ഒരു മണിക്കൂര്‍ സന്ദര്‍ശനത്തിന് അനുവദിക്കുകയായിരുന്നു.  



കോണ്‍ക്രീറ്റിംഗിനായി കമ്പികെട്ടി തയാറാക്കിയ മേഖലയിലാണ് തിങ്കളാഴ്ച ടോമിച്ചിന് സന്ദര്‍ശനാനുമതി ലഭിച്ചത്. തന്റെ തൊഴില്‍മേഖലയിലെ പരിചയത്തില്‍, ഗുണമേന്‍മാ പരിശോധന വിഭാഗത്തിന്റെ അഭാവം നിര്‍മാണജോലികളിലുണ്ടെന്ന് ടോമിച്ചന്‍ പറയുന്നു. നിസാരമായ കൈപ്പിഴകള്‍പോലും പിന്നീട് വലിയ പ്രത്യാഘതത്തിലേയ്ക്ക് നയിച്ചേക്കാം. ഇത്തരം വലിയ പ്രോജക്ടുകള്‍ക്ക് ഗുണമേന്‍മാ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച് ഫോട്ടോകളും എടുത്താണ് ടോമിച്ചന്‍ മടങ്ങിയത്. 



ജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ ജനങ്ങള്‍ ഇടപെടുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യണമെന്ന് ടോമിച്ചന്‍ പറയുന്നു. തിടനാട് മേഖലയില്‍ ജലവിതരണ പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ക്കിടെ ഗുരുതരമായ തെറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്യുകയും പ്രഷര്‍ ടെസ്റ്റ് നടത്തുകയും ചെയ്തപ്പോള്‍ ഒന്നലധികം സ്ഥലത്ത് ചോര്‍ച്ച കണ്ടെത്തി. ഇത്രയും വലിയ ഏരിയ  കവര്‍ ചെയ്യുന്ന പദ്ധതികളില്‍ വേണ്ടത്ര ശ്രദ്ധ എല്ലാ മേഖലയിലും അനിവാര്യമാണെന്നാണ് ടോമിച്ചന്റെ പക്ഷം. അശാസ്ത്രീയമായ പ്രഷര്‍ ടെസ്റ്റ് ആണ് ഇപ്പോള്‍ നടക്കുന്നതെന്നും ടോമിച്ചന്‍ ചൂണ്ടിക്കാട്ടി. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments