Latest News
Loading...

പുഴയോരം സ്വപ്നം കണ്ടു, ജില്ലാ പഞ്ചായത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നു



കിടങ്ങൂര്‍ പഞ്ചായത്തിലെ കട്ടച്ചിറ ചെക്ക്ഡാം പരിസരം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും സാമൂഹ്യവിരുദ്ധ ശല്യങ്ങളിലൂടെയും നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സമാകുകയും കുളിക്കാനായി ചെക്ക്ഡാമിന്റെ ഇരുവശങ്ങളിലുമായി ഇറങ്ങിയ പന്ത്രണ്ടോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍  ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന പുഴയോരം റെസിഡന്റ്‌സ് അസോസിയേഷന്‍ ദീര്‍ഘനാളായി ഇതിനെതിരെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും വിവിധ കൂട്ടായ്മകളും നടത്തുകയുണ്ടായി.


 മാലിന്യങ്ങള്‍ വലിച്ചെറിയാതെയും അപകടങ്ങള്‍ ഉണ്ടാകാതെയും ഈ പ്രദേശം പരിപാലിക്കപ്പെടണമെന്ന് റെസിഡന്‍സ് അസോസിയേഷന്റെ സ്വപ്നം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച തുക ഉപയോഗിച്ച് മിനി പാര്‍ക്ക് സ്ഥാപിച്ചുകൊണ്ടാണ്  യാഥാര്‍ത്ഥ്യമാകുന്നത്. 



ഒന്നാം ഘട്ടമായി ജില്ലാ പഞ്ചായത്തില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ചെക്ക്ഡാമിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സംരക്ഷണഭിത്തികളും സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ചുള്ള വേലികളും ഗെയ്റ്റും സ്ഥാപിക്കുകയും ചെക്ക്ഡാമിലേക്കുള്ള നടപ്പാത കോണ്‍ക്രീറ്റിംഗ് നടത്തുകയും അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ ചെക്ക്ഡാമിലെ വെള്ളച്ചാട്ടം ദര്‍ശിക്കുന്നതിനായി സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുകയും ടൈല്‍ വിരിച്ച് പരിസരം മനോഹരമാക്കുകയും ചെയ്യും.

 രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധശല്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മിനിമാസ്റ്റ് ലൈറ്റും ഇതിനോടകം സ്ഥാപിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ മുഖേന അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്ന കേന്ദ്രമായിരുന്ന ചെക്ക്ഡാം പരിസരം മനോഹരമായ മിനി പാര്‍ക്കായി മാറുന്നതാണ്.


മിനി പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. പുഴയോരം റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ ബി. സന്തോഷ് കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി. സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രശ്മി രാജേഷ്, കൃഷ്ണകുമാര്‍ കെ.ബി., വിജയകുമാര്‍ കെ.സി, പി.എസ്. ശ്രീകുമാര്‍, ബിജു പി.ബി., എം.ഡി. ഗോപാലകൃഷ്ണന്‍നായര്‍, ബി. ശശിധരന്‍നായര്‍, പി.എസ്. അനൂപ് കുമാര്‍, എം.ബി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.   


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments