പണിതീര്‍ത്ത് മാസങ്ങള്‍ക്കുള്ളില്‍ കുഴിയായി മാറിയ കുന്നോന്നി റോഡില്‍ വാഴ നട്ട് കോണ്‍ഗ്രസ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധം. മഴയത്ത് അപകടങ്ങള്‍ പതിവായിട്ടും കുഴിയടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുഴിയില്‍ വാഴകള്‍ നട്ടത്. ഇതിനിടെ, റോഡില്‍ തകരാറില്ലെന്ന അധികൃതരുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി
റോഡ് പൂര്‍ത്തീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ കുഴികള്‍ രൂപപ്പെട്ടത് കരാറുകാരന്‍ തന്നെ അടച്ചിരുന്നു. ഒരുമഴയ്ക്കുശേഷം വീണ്ടും കുഴി ഉണ്ടാവുകയും ചെയ്തു. ആഗസ്റ്റ് മാസത്തിലെ കനത്ത മഴയ്ക്കുശേഷം വീണ്ടും പഴയ കുഴികള്‍ തെളിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. കുളത്തിങ്കല്‍ ജംഗ്ഷനിലാണ് വലിയ കുഴികളിലൊന്ന്, ഇരുചക്രവാഹനങ്ങള്‍ വഴിമാറി പോകുമ്പോള്‍, വലിയ വാഹനങ്ങള്‍ കുഴിയില്‍ ചാടി കുഴിയുടെ വലിപ്പവും ആഴവും ദിവസേന വര്‍ധിക്കുകയാണ്.
ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടിയുള്ള അപകടങ്ങളും ദിവസേന വര്‍ധിക്കുകയാണ്. 2 ദിവസത്തിനിടെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. വഴിപരിചയമില്ലാത്തവരും അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. കുന്നോന്നി ഭാഗത്തിനിന്നും നിരപ്പായ റോഡിലൂടെ വേഗത്തിലെത്തി കുഴിയില്‍ ചാടിയാണ് അപകടങ്ങളേറെയും.
അതേസമയം, റോഡ് സ്ഥിരം കുഴിയായി മാറിയതോടെ കുന്നോന്നി സ്വദേശി മന്ത്രിയ്ക്ക് നല്‍കിയ അപേക്ഷയില്‍ റോഡിന് തകരാറുകളില്ല എന്ന റിപ്പോര്‍ട്ട് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിഡബ്ല്യുഡി അധികൃതര്‍ക്ക് കണ്ണട വാങ്ങാന്‍ പണം അനുവദിക്കണം എന്ന തലക്കെട്ടിലായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്.
ഇന്ന് കുളത്തിങ്കല്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി അഡ്വ. ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡല് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ്, ബ്ലോക്ക് സെക്രട്ടറിമാരായ റോജി തോമസ് മുതിരേന്തി, കുട്ടിച്ചന്‍ ഞരളകാട്, ജോളിച്ചന്‍ വലിയപറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ബിജു, രാജമ്മ ഗോപിനാഥ്, ജോയ കല്ലാറ്റ്, സജി, സുനില്‍ പറയരുതോട്ടം, അനീഷ് കീച്ചേരി, ടോമി വാളിപ്ലാക്കല്‍, ജോസ് ഇളംതുരുത്തി, റെമി കുളത്തിനാല്‍, സണ്ണി മൂഴിയാങ്കല്‍, ടോമി പുളിച്ചമാക്കല്‍, ബേബി കുന്നിന്‍പുറത്ത്, മനു നടുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വീഡിയാ കാണാം.... Click Here






