സഹപാഠികൾക്കൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ കുഴഞ്ഞുവീണ് മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗം അന്നമ്മ ജോസഫ് (55) അന്തരിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്തിലെ കോണിപ്പാട് ആറാം വാർഡ് മെമ്പറും കോണിപ്പാട് കണ്ണംപള്ളിൽ ജോൺസന്റെ (സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ) ഭാര്യയുമാണ്.
1989-ലെ ഹെൻറി ബേക്കർ കോളേജ് പ്രീഡിഗ്രി ബാച്ചിലെ സഹപാഠികൾക്കൊപ്പം കുമരകത്തേക്ക് ഇന്ന് രാവിലെ വിനോദയാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്നമ്മ. ഇതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.യാത്രയ്ക്കായി സുഹൃത്തുക്കൾ കാത്തുനിൽക്കുന്നതിനിടെയാണ് അന്നമ്മയുടെ മരണവാർത്ത അവരെ തേടിയെത്തിയത്. വിവരമറിഞ്ഞ സഹപാഠികൾ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെത്തി പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിന്നു. ഒരുമിച്ച് യാത്ര പോകാൻ ഒരുങ്ങിയവർക്ക് നേരിടേണ്ടിവന്നത് അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയായിരുന്നു.
.കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമായ അന്നമ്മ, മുട്ടം എം.എം. ആശുപത്രിയിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായ അന്നമ്മ ജനപ്രതിനിധിയെന്ന നിലയിൽ നാട്ടുകാർക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
.ഇന്നലെ കേരളോത്സവത്തിന്റെ സംഘാടന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത അന്നമ്മയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. പൊതുപ്രവർത്തന രംഗത്തും നാട്ടിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന അന്നമ്മയുടെ വേർപാട് മേലുകാവിന് തീരാനഷ്ടമായി. പഞ്ചായത്ത് അംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന കേരളോത്സവം മാറ്റിവെച്ചതായി ഗ്രാമപഞ്ചായത്ത് അറിയിച്ചു.





0 Comments