Latest News
Loading...

പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യന്റെ ഓഫീസ് ഉദ്ഘാടനം




ഈരാറ്റുപേട്ട:രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ മലയാളികൾ വിമുഖത കാട്ടുന്നുണ്ടെന്നും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്കൂൾ തലം മുതൽ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകുന്നതിനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

നാട്ടിൽ സംഭവിക്കുന്ന റോഡപകടങ്ങളിൽ വലിയൊരു പങ്കും മദ്യപാനവും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് നടത്തിയ മദ്യപാന പരിശോധനയിൽ 57 പേർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയിരുന്നു. പിഞ്ചുകുട്ടികളുമായി യാത്ര ചെയ്യുന്ന സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയെ തുടർന്ന് ഇവരുടെ ലൈസൻസ് റദ്ദാക്കുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.



.ഈരാറ്റുപേട്ട തെക്കേക്കരയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓഫീസിനും മുണ്ടക്കയത്ത് ആരംഭിച്ച എം.എൽ.എ. ഓഫീസിനും നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ സർക്കാർ, സർക്കാരിതര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.



.61 വർഷങ്ങൾക്ക് ശേഷമാണ് പൂഞ്ഞാറിൽ ഒരു കോൺഗ്രസ് എം.എൽ.എ. ഉണ്ടായതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. പറഞ്ഞു. നിയമസഭയിൽ വെറും നാലുമാസത്തെ പരിചയം മാത്രമുള്ള വ്യക്തിയാണെങ്കിലും വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള അംഗത്തെപ്പോലെയാണ് സെബാസ്റ്റ്യൻ പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂഞ്ഞാറിന്റെ വികസന കാര്യങ്ങളിൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പുനൽകിയതായും അതിന്റെ തുടക്കമാണ് നിയോജകമണ്ഡലത്തിൽ അനുവദിച്ച ട്രാഫിക് പോലീസ് സ്റ്റേഷനെന്നും എം.എൽ.എ. പറഞ്ഞു.



.നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ, അസീസ് ബഡായിൽ, അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, അഡ്വ. സതീഷ് കുമാർ, അഡ്വ. ജോമോൻ ഐക്കര, തോമസ് കല്ലാടൻ, ഫിലിപ്പ് ജോസഫ്, ജോർജ് ജേക്കബ്, മജു പുളിക്കൻ, പ്രേജി, ആർ. ബിന്ദു, സെബാസ്റ്റ്യൻ, ശ്രീകല ടീച്ചർ, പി.എച്ച്. നൗഷാദ്, കെ.ഇ.എ. ഖാദർ, അനസ് നാസർ, കെ.എ. മുഹമ്മദ് ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments