പൂഞ്ഞാർ സ്വദേശിയായ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ പൂഞ്ഞാർ പെരുങ്ങുളം പൂവത്തുങ്കൽ അഭിലാഷ് കോട്ടയം മെഡിക്കൽ കോളേജ് ചികിത്സയിലാണ്. ഈരാറ്റുപേട്ട പോലീസിനെതിരെയാണ് പരാതി . സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് 11 മണിക്ക് ഈരാറ്റുപേട്ടയിൽകേരള പട്ടികവർഗ്ഗ ഊരാളി സമുദായ സംഘടന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലാ ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയിട്ടുണ്ട്.
.കെഎസ്ഇബി കോൺട്രാക്ടറുടെ കീഴിൽ വർക്ക് ചെയ്യുന്ന ആളാണ് അഭിലാഷ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന അഭിലാഷിനെ , ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ അഞ്ച് അംഗസംഘം വാതിൽ ചുവട്ടിത്തുറന്ന് കട്ടിലിൽ നിന്നും വലിച്ചു എഴുന്നേൽപ്പിക്കുകയും പോലീസുകാരാണെന്നും കൂടെ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കാരണം ചോദിച്ചപ്പോൾ മർദിച്ചതായും വലിച്ചിഴച്ച് കാറിൽ കയറ്റിയതായും തടയാൻ ശ്രമിച്ച ബന്ധുക്കളെയും സമീപവാസികളെയും അസഭ്യം പറഞ്ഞതായി പരാതിയിലുണ്ട്.
.കാറിനുള്ളിൽ വച്ച് തലയ്ക്ക് അടിച്ചതായും കാറിനുള്ളിൽ വീണ തന്നെ ശരീരമാസകലം ചവിട്ടിയ തായും പരാതിയിൽ പറയുന്നു. പോകുന്ന വഴി കാറിൽ നിന്നും ജീപ്പിലേക്ക് കയറ്റുമ്പോഴും മർദ്ദിച്ചു. സ്റ്റേഷനിൽ എത്തിയപ്പോഴും മർദ്ദനം തുടർന്നു. ഇതേക്കുറിച്ച് പരാതി പറഞ്ഞാൽ കെഎസ്ഇബി കമ്പികൾ മോഷ്ടിച്ചു എന്ന് കേസെടുത്ത് അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ഉണ്ട്. പിന്നീട് എസ് സി പ്രമോട്ടറെ വിളിച്ചുവരുത്തി അഭിലാഷിനെ വിട്ടയക്കുകയായിരുന്നു.
.ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അഭിലാഷിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം കെഎസ്ഇബിയുടെ ലൈൻ കമ്പികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളാണ് അഭിലാഷ് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ചോദ്യം ചെയ്യാനാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിനുള്ളിൽ വച്ച് അഭിലാഷ് ബഹളമുണ്ടാക്കിയതായി പോലീസ് പറയുന്നു.






0 Comments