മൂന്നിലവ്: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ കൂടുതൽ വനിതകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരം ഒരുക്കുമെന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബീനാ റോയ് പറഞ്ഞു. പുതിയ ഭരണസമിതി ചുമതലയേറ്റെടുത്ത് ആറുമാസത്തിനുള്ളിൽ വിവിധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞതായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ചേർത്തുനിർത്തി കുടുംബശ്രീ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായും അവർ പറഞ്ഞു.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ പൊതുസഭയും അവാർഡ് ദാനവും വിവിധ അനുബന്ധ പരിപാടികളും പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബീനാ റോയ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ലിങ്കേജ് ലോൺ ഇനത്തിൽ 1 കോടി 25 ലക്ഷം രൂപയും വിവിധ സംരംഭങ്ങൾക്കായി 25 ലക്ഷം രൂപയും എസ്.സി./എസ്.ടി. കോർപ്പറേഷൻ ലോൺ ഇനത്തിൽ 57.10 ലക്ഷം രൂപയും ലഭ്യമാക്കാൻ കഴിഞ്ഞതായി അവർ അറിയിച്ചു.
.കൂടുതൽ വനിതകൾക്ക് സാമ്പത്തികമായി സ്വയംപര്യാപ്തരാകാൻ അവസരമൊരുക്കുന്നതിനൊപ്പം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും കുടുംബശ്രീ പ്രവർത്തകർക്കും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും തുടർന്നും നൽകുമെന്നും ബീനാ റോയ് പറഞ്ഞു. വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും അവർ വ്യക്തമാക്കി.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റീനാ റെനോൾഡ് സ്വാഗതം ആശംസിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബീനാ റോയ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷൈസ് ജോസഫ് പൊതുസഭ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രവർത്തകരെ അഭിനന്ദിക്കുകയും കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.
.ചടങ്ങിൽ ഏറ്റവും നല്ല എ.ഡി.എസിനുള്ള അവാർഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഇത്തമ്മ മാത്യു വിതരണം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചാർളി ഐസക് മുഖ്യപ്രഭാഷണം നടത്തി.
ബുക്ക് പ്രകാശനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജെയ്മോൻ ജോസും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിൻസി ടെറ്റസും ചേർന്ന് നിർവഹിച്ചു. ഡോ. കാശ്മീര ആയുർവേദ ക്ലാസ് നയിച്ചു. കൃഷിയെക്കുറിച്ചുള്ള ക്ലാസിന് സജി സാർ നേതൃത്വം നൽകി.
.കുടുംബശ്രീയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി തുഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്.എസ്.ഇ. പഞ്ചായത്ത് അംഗം ചടങ്ങിൽ പങ്കെടുത്തു. ദുരിതാശ്വാസ ഫണ്ടിന്റെ സഹായത്തോടെ അർഹരായവർക്ക് കിറ്റ് വിതരണവും നടത്തി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ചടങ്ങിൽ ശ്രീ. ജിനോ ചേറ്റുകുളം, ശ്രീമതി സെനിനാമ്മ കെ.വി., ശ്രീമതി ആശാ മാത്യു, ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സുസന്ന ഹെസക്കിയേൽ, ശ്രീമതി ലിൻസി ജെയിംസ്, മെമ്പർ സെക്രട്ടറി നിഷാമോൾ എന്നിവർ ആശംസകൾ നേർന്നു.
.കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്ന് സി.ഡി.എസ് ഭാരവാഹികൾ അറിയിച്ചു. ബിന്ദു ഷാജി കൃതജ്ഞത രേഖപ്പെടുത്തി.





0 Comments