വാഴക്കുലയില്‍ ആറ് കായ്കള്‍ ഒട്ടിച്ചേര്‍ന്ന് ഒന്നായ അപൂര്‍വ കാഴ്ച കൗതുകമാകുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് ജീവനക്കാര്‍ ചേര്‍ന്ന് നടത്തിയ വാഴകൃഷിയിലാണ് ഈ അപൂര്‍വത.
.പാളയംകോടന്‍ ഇനത്തില്‍പ്പെട്ട വാഴയിലാണ് ആറു കായ്കള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയില്‍ വളര്‍ന്നത്. കുല വന്ന സമയത്തുതന്നെ ജീവനക്കാര്‍ ഇത് ശ്രദ്ധിച്ചിരുന്നെങ്കിലും പഴുത്തതോടെയാണ് കൗതുകം വര്‍ധിച്ചത്. നാലടിയിലധികം ഉയരമുള്ള കുലയ്ക്ക് ഏകദേശം 50 കിലോ ഭാരമുണ്ട്.
.കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ബിജു തോമസും പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷിബുമോനും ചേര്‍ന്നാണ് വാഴ നട്ടുപരിപാലിച്ചത്. വളമിടുന്നതും മറ്റ് പരിചരണ പ്രവര്‍ത്തനങ്ങളും ഇരുവരും തന്നെയാണ് നിര്‍വഹിച്ചത്. രണ്ട് കായ്കള്‍ ഒട്ടിച്ചേര്‍ന്ന് വളരുന്നത് സാധാരണയായി കാണാറുണ്ടെങ്കിലും ആറ് കായ്കള്‍ ഒരുമിച്ച് ചേര്‍ന്ന നിലയില്‍ വളര്‍ന്നത് അപൂര്‍വമാണെന്ന് ജീവനക്കാര്‍ പറഞ്ഞു.
.ആശുപത്രി വളപ്പിലെ വെറുതെ കിടക്കുന്ന സ്ഥലത്ത് ഒഴിവുസമയങ്ങളില്‍ ജീവനക്കാരുടെ കൃഷി മാതൃകാപരമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ജോസ്ലി ഡാനിയേല്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷും കൃഷി ഓഫീസര്‍ രമ്യയും അപൂര്‍വ വാഴക്കുല കാണാനെത്തി. ആശുപത്രി വളപ്പിലെ വാഴക്കുലയുടെ മധുരം ആസ്വദിക്കുന്നതും ജീവനക്കാര്‍ തന്നെ.
.






0 Comments