സഞ്ജു സാംസണെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ശ്രീശാന്തിനെതിരെ നടപടി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്കു വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്താവന നടത്തിയ ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്ന് കെസിഎ അറിയിച്ചു.
സഞ്ജു സാംസണിന്റെ പിതാവിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുമെന്നും കെസിഎ അറിയിച്ചു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.
എന്നാല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ലെന്നായിരുന്നു കെസിഎ ഭാരവാഹികള്‍ അന്നു പ്രതികരിച്ചത്. കുറ്റം നിലനില്‍ക്കെ ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ അവസരം നല്കി. കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികള്‍ തിരിച്ചടിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണു ശ്രീശാന്തിനെതിരെയുള്ള തീരുമാനം. ശ്രീശാന്തിനു നേരത്തെ കെസിഎ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments