Latest News
Loading...

ആയുര്‍വ്വേദ ആശുപത്രി വളപ്പില്‍ സാമൂഹ്യവിരുദ്ധശല്യം



ഭരണങ്ങാനം പഞ്ചായത്തിന്റെ ചൂണ്ടച്ചേരിയിലുള്ള ആയുര്‍വേദ ആശുപത്രി വളപ്പില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി. ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് മാറി ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് ലഹരിക്കൂട്ടം തമ്പടിക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞദിവസം രാത്രിയില്‍ മെഡിക്കല്‍ ഓഫീസറുടെ മുറിയുടെ ജനലിന്റെ ബോര്‍ഡുകള്‍ എറിഞ്ഞുപൊട്ടിച്ചു. നേരത്തെ ചില്ലുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് വൈറ്റ് ബോര്‍ഡ് കൊണ്ട് മറച്ചഭാഗമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. 





ആയുര്‍വേദ ആശുപത്രിയ്ക്ക് പുറമെ വെറ്റിറിനറി സബ്‌സെന്ററും അംഗന്‍വാടിയും ഈ പരിസരത്ത് തന്നെയുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം സാമൂഹ്യവിരുദ്ധരുടെ ഇരകളാണ്. അംഗന്‍വാടിയ്ക്കുള്ളിലേയ്ക്ക് മാലിന്യം വാരിയിട്ട സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വെറ്ററിനറി സബ് സെന്ററിന്റെ ഒരു ജനലിനും പോലും ചില്ലുകളില്ല. എല്ലാം കല്ലെറിഞ്ഞുപൊട്ടിച്ച നിലയിലാണ്. 



ചുറ്റും തറയോടുകള്‍പാകി മനോഹരമാക്കിയ ആശുപത്രി പരിസരവും പിന്‍വശവുമാണ് സാമൂഹ്യവിരുദ്ധരെ ആകര്‍ഷിക്കുന്നത്. പിന്‍ഭാഗത്ത് ഇരിക്കുന്നവരെ കാണാനാകില്ല. ആരെങ്കിലും എത്തിയാലും പിന്നിലെ പുരയിടത്തിലൂടെ രക്ഷപെടാനും സൗകര്യമാണ്. മഴ പെയ്താലും ഇരിക്കാവുന്ന സൗകര്യവും ഇക്കൂട്ടര്‍ മുതലെടുക്കുന്നു. ഭക്ഷണവും മദ്യവുമായെത്തി ഇവിടെയിരുന്ന് കഴിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പരിസരമാകെ നിക്ഷേപിച്ച് മടങ്ങുന്നതും ആശുപത്രി ജീവനക്കാരെ വലയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി നടയില്‍ ഛര്‍ദ്ദിച്ച നിലയിലും കാണപ്പെട്ടിരുന്നു. 


ആയുര്‍വേദ സബ് സെന്ററുകളായ ഇടപ്പാടിയിലും ളാലം ബ്ലോക്കിന് സമീപുള്ള സെന്ററിലും ഇതേ മെഡിക്കല്‍ ഓഫീസര്‍ തന്നെയാണ് പോകുന്നത്. ഉച്ചയ്ക്ക് ശേഷം ആളൊഴിയുന്ന കോംപൗണ്ടില്‍ കളിക്കാനെത്തുന്ന കുട്ടികള്‍ക്ക് പുറമേ, സമീപദേശങ്ങളില്‍ നിന്നെത്തുന്ന ചിലരാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നും പറയപ്പെടുന്നു. 



പാലായില്‍ നിന്നും പോലീസ് വാഹനം ചില ദിവസങ്ങളില്‍ പട്രോളിനെത്താറുണ്ടെങ്കിലും ഒന്നും കണ്ടെത്താറില്ല. സംഭവത്തില്‍ പരാതി മെയില്‍ ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രദേശത്ത് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി പറഞ്ഞു. 



ഇതോടൊപ്പം ആയുര്‍വേ ആശുപത്രിയും വെറ്റിനറി സബ്‌സെന്ററും ടൗണ്‍ ഭാഗത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചൂണ്ടച്ചേരി പ്രവിത്താനം റോഡ് വഴിയും  പ്ലാശനാല്‍ പ്രവിത്താനം റോഡ് വഴിയും എത്തിയാലും ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാലേ ആശുപത്രിയിലെത്തൂ.  ഇത് മരുന്നുവാങ്ങാനെത്തുന്ന പ്രായമാവരെ ബുദ്ധിമുട്ടിലാക്കുന്നു. പഞ്ചായത്തിന് സമീപത്തേയ്‌ക്കോ ഭരണങ്ങാനം ടൗണിന്‌സമീപത്ത് മറ്റെവിടെയെങ്കിലുമോ ആശുപത്രി മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments