ഏറ്റുമാനൂർ: തിരുവോണ ദിവസം ഡ്യൂട്ടിക്കിടെ സമയോചിതമായി ഇടപെട്ട് ഒരു യുവാവിന്റെ ജീവൻ രക്ഷിച്ച് ഏറ്റുമാനൂർ റെയിൽവേയിലെ ജീവനക്കാരനായ നോബിൾ കെ. എസ്. മാതൃകയായി.
19 വർഷമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന മേലുകാവ് മോസ്കോ സ്വദേശിയും കുറങ്ങാട്ട് കുടുംബാംഗവുമായ നോബിൾ കെ. എസ്. നിലവിൽ ഗാങ് മേറ്റ് ആയി സേവനം അനുഷ്ഠിച്ചുവരികയാണ്.
.തിരുവോണ ദിവസം രാവിലെ 9.30ഓടെ, പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അമൃത എക്സ്പ്രസിൽ നിന്ന് വീണതായി കരുതുന്ന, തിരുവല്ല കുറ്റൂർ സ്വദേശിയായ 32 വയസ്സുകാരൻ ബിബിൻ, റെയിൽവേ പാലത്തിന്റെ സമീപത്ത് കമിഴ്ന്നുകിടക്കുന്നത് ഡ്യൂട്ടിയിലായിരുന്ന നോബിളിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
.ഒറ്റനോട്ടത്തിൽ യുവാവ് മരിച്ചതായി തോന്നിച്ചെങ്കിലും, നോബിൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ജീവന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് വ്യക്തമായി. ഉടൻതന്നെ അദ്ദേഹം ഏറ്റുമാനൂർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. തുടർന്ന് റെയിൽവേ അധികൃതരും പോലീസും ആംബുലൻസും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങളും അതിവേഗം സംഭവസ്ഥലത്തെത്തി യുവാവിന് ആവശ്യമായ സഹായം ലഭ്യമാക്കി.
.നോബിളിന്റെ സമയോചിതമായ ഇടപെടലും ജാഗ്രതയും മൂലമാണ് ബിബിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. തുടർന്ന് ബിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജീവൻ രക്ഷിക്കുന്നതിൽ നോബിളിന് ഇതാദ്യ അനുഭവമല്ല. 2019-ലും ട്രെയിനിൽ നിന്ന് വീണ ഒരാളെ സമയോചിതമായി ഇടപെട്ട് രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് നോബിൾ പറയുന്നു.
.മേലുകാവ് മോസ്കോ സ്വദേശിയായ നോബിൾ കുറങ്ങാട്ട് കുടുംബാംഗമാണ്. ഭാര്യ അന്നമ്മ. മക്കൾ റീന, റെനി.
ഡ്യൂട്ടിക്കപ്പുറം മനുഷ്യജീവന് വിലകൽപ്പിച്ച് ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിച്ച നോബിൾ കെ. എസിന്റെ സമയോചിത ഇടപെടൽ ഏവരുടെയും അഭിനന്ദനത്തിന് അർഹമാണ്.
വാർത്ത: റോബിൻ ഇരുമാപ്ര






0 Comments