Latest News
Loading...

കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; ദുരൂഹത തുടരുന്നു



അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം ചിങ്ങവനത്ത് ഭർതൃഗൃഹവുമുള്ള ആൻ മേരി മാത്യു (40) എന്നിവരാണ് ഓഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും അതേ അപ്പാർട്ട്‌മെന്റിൽ കുടുംബസമേതം താമസിച്ചിരുന്ന കോട്ടയം മൂന്നിലവ് സ്വദേശിനി അനില (32)യെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മിൽപീറ്റസ് പൊലീസ് അന്വേഷണം തുടരുകയാണ്.


.ഡിക്സൺ ലാൻഡിങ് റോഡിലെ മിൽക്രീക്ക് അപ്പാർട്ട്‌മെന്റ്സിലായിരുന്നു അഞ്ജനയും ആൻ മേരിയും അനിലയും കുടുംബസമേതം താമസിച്ചിരുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് തൊട്ടുമുമ്പ് മൂവരും ഒരുമിച്ച് ഓണാഘോഷത്തിൽ പങ്കെടുക്കുകയും തുടർന്ന് തിയറ്ററിൽ സിനിമ കാണാൻ പോകുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‌യുവി ഒരു യുവതിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം കടന്നുപോകുന്നത് ദൃക്‌സാക്ഷികൾ കണ്ടിരുന്നു. വാഹനം ഓടിച്ചിരുന്നത് സ്ത്രീയാണെന്നും ഇവർ പൊലീസിന് മൊഴി നൽകി.


.പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ മുൻഭാഗം തകർന്ന നിലയിൽ നീല എസ്‌യുവിയും കണ്ടെത്തി. തുടർന്ന് അനിലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അഞ്ജന കൊല്ലപ്പെട്ട വിവരമറിഞ്ഞ് ആൻ മേരിയുടെ ഭർത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഭാര്യയെ കുത്തേറ്റും രക്തത്തിൽ കുളിച്ച നിലയിലും മരിച്ചുകിടക്കുന്നത് കണ്ടത്. ഇതോടെ സംഭവത്തിൽ കൊലപാതകത്തിന്റെ ദുരൂഹത കൂടുതൽ വർധിച്ചു.



.കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജന ഹരി. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് ഭർത്താവ്. ഇവർക്ക് ആറുവയസുള്ള മകളുണ്ട്. ആൻ മേരി മാത്യുവിന്റെ ഭർത്താവ് ചിങ്ങവനം സ്വദേശിയാണ്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.



.2021ലാണ് അഞ്ജനയും കുടുംബവും കാലിഫോർണിയയിലെത്തിയത്. 2023ൽ അവസാനമായി മണ്ണുത്തിയിലെ വീട്ടിലെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി മിൽപീറ്റസ് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.



Post a Comment

0 Comments