പാലാ: റാന്നിയിൽ നിന്ന് പള്ളിക്കത്തോട്, ബ്രില്യന്റ്, പാലാ, പിഴക്, രാമപുരം, കൂത്താട്ടുകുളം, പിറവം വഴി വൈറ്റിലയിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു. എറണാകുളം ഭാഗത്തേക്ക് ഈ മേഖലകളിൽ നിന്ന് നേരിട്ടുള്ള ബസ് സർവീസ് ഇല്ലാതിരുന്നതിന് പരിഹാരമാകുന്നതാണ് പുതിയ സർവീസ്.
.ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥികൾക്കും സർവീസ് ഏറെ പ്രയോജനകരമാകും. ഹോസ്റ്റലിൽ നിന്ന് നേരിട്ട് എറണാകുളം ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ പുതിയ സർവീസിലൂടെ സാധിക്കും. ഏതാനും കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവന്നാലും സമയലാഭം ഉറപ്പാക്കുന്ന മികച്ച റൂട്ടാണിതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
.പാലായിൽ നിന്ന് പിഴക് ജംഗ്ഷൻ വഴി ബസ് സർവീസ് ആരംഭിച്ചതോടെ മാനത്തൂർ, കടനാട്, കാവുംകണ്ടം, വല്യാത്ത്, മുല്ലമറ്റം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും എറണാകുളം യാത്ര കൂടുതൽ എളുപ്പമാകും.
പിഴകുവഴി രാമപുരത്തേക്ക് എറണാകുളം ബസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മർച്ചന്റ്സ് അസോസിയേഷൻ സി കാപ്പൻ എംഎൽഎക്ക് നിവേദനം നൽകിയിരുന്നു.
.വൈകിട്ട് 6.25ന് കൂത്താട്ടുകുളത്ത് എത്തുന്ന സർവീസിൽ പിഴകിൽ ഇറങ്ങി ഹൈവേ വഴിയുള്ള ബസുകളിൽ കയറി കുറിഞ്ഞി, കരിങ്കുന്നം മേഖലകളിലേക്കും യാത്ര ചെയ്യാനാകും. ഈ പ്രദേശങ്ങളിലുള്ളവർക്ക് രാവിലെ എട്ടുമണിയോടെ പിഴകിൽ എത്തിയാൽ എറണാകുളം ഭാഗത്തേക്കുള്ള യാത്രയും സാധ്യമാകും.
സാങ്കേതിക കാരണങ്ങളാൽ കെഎസ്ആർടിസി സർവീസ് മുടങ്ങിയാൽ രാവിലെ 8.30ന് എത്തുന്ന സ്വകാര്യ ബസ് ഉപയോഗിച്ച് രാമപുരത്ത് ഇറങ്ങാനും അവിടെ നിന്ന് എറണാകുളത്തേക്ക് പോകുന്ന രണ്ട് ബസ് സർവീസുകൾ പ്രയോജനപ്പെടുത്താനും കഴിയും. വ്യാഴാഴ്ച വൈകിട്ട് റാന്നിയിൽ നിന്നും എത്തിയ ബസിന് പിഴക് ജംഗ്ഷനിൽ സ്വീകരണം നൽകി.
അടുത്ത ആഴ്ച മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഏറ്റവും പുതിയ ലിങ്ക് ബസ് സർവീസും നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സർവീസ് വിജയകരമായി ആരംഭിച്ചതോടെ പാലാ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.






0 Comments