Latest News
Loading...

മാണി സി. കാപ്പനെ അയോഗ്യനാക്കണം; സ്പീക്കർക്ക് കത്ത്



പാലാ: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത്. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് സ്പീക്കർക്ക് കത്ത് നൽകിയത്.



.ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ടുവർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിയെ അയോഗ്യനാക്കണമെന്നാണ് പരാതിക്കാരന്റെ വാദം. മാണി സി. കാപ്പന് മൂന്നര വർഷത്തെ തടവുശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പാലാ നിയമസഭാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.


.കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പനെ ഒരു വർഷം വീതം തടവിന് ശിക്ഷിച്ചത്. മൂന്ന് കോടിയിലധികം രൂപ കാപ്പൻ തട്ടിയെടുത്തെന്നാണ് കേസ്.


.വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെ ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു.



.ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് കാപ്പന്റെ തീരുമാനം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പന്റെ നിലപാട്. വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും കാപ്പൻ പറഞ്ഞു.

അതേസമയം, സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. മാണി സി. കാപ്പനെതിരായ കോടതി വിധി പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.



Post a Comment

0 Comments