Latest News
Loading...

കളരിയാമാക്കൽ ചെക്ക്ഡാമിൽ ശുചീകരണ ദൗത്യം; സെപ്റ്റംബർ 6 മുതൽ മാലിന്യനീക്കം



പാലാ നഗരസഭയിലെ കളരിയാമാക്കൽ ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. സെപ്റ്റംബർ ആറുമുതൽ മൂന്ന് ദിവസങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ടീം എമർജൻസിയുടെ നേതൃത്വത്തിലാണ് അടിയന്തര ശുചീകരണ ദൗത്യം.



.ആഗസ്റ്റ് ഒന്നിനുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ചെക്ക്ഡാമിൽ വൻതോതിൽ മാലിന്യങ്ങളും മരക്കഷണങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഒരു മാസം പിന്നിട്ടിട്ടും ഇവ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് വിവിധ സംഘടനകളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശുചീകരണത്തിന് രംഗത്തെത്തിയത്. നഗരസഭ, പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.


.
പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും നിലനിർത്തുന്നതിനൊപ്പം ജലാശയത്തിന്റെ ശുചിത്വം ഉറപ്പാക്കുകയാണ് ജനകീയ ദൗത്യത്തിന്റെ ലക്ഷ്യം. ചെക്ക്ഡാമിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും തുടർപരിപാലനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ആലോചനയിലുണ്ട്.



.അതേസമയം, മഴക്കാലത്തിന് മുമ്പ് ചെക്ക്ഡാമിന്റെ ഷട്ടർ തുറക്കാത്തതാണ് എല്ലാ വർഷവും വലിയ തോതിൽ മാലിന്യം അടിഞ്ഞുകൂടാൻ കാരണമാകുന്നതെന്ന് നഗരസഭ കൗൺസിലർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. മുൻ വർഷങ്ങളിൽ തടയണയിൽ അടിഞ്ഞുകൂടിയ കൂറ്റൻ മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് പാലത്തിലേക്ക് കയറ്റിയിട്ടിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അവ നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




.പാലത്തിന് അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ വാഹനഗതാഗതം കുറവായതും പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ചെക്ക്ഡാമിൽ മെക്കാനിക്കൽ റെഗുലേറ്റർ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല.

എല്ലാ വർഷവും വലിയ സാമ്പത്തിക ചെലവും മനുഷ്യശേഷിയും ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിന് പകരം, മഴക്കാലത്തിന് മുമ്പും ആവശ്യമായ സമയങ്ങളിലും ചെക്ക്ഡാമിന്റെ ഷട്ടർ തുറന്ന് മാലിന്യം ഒഴുക്കിക്കളയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Post a Comment

0 Comments