കടനാട്: പ്രസാദം നൽകാനെത്തിയ ആളെ പൊതുവഴിയിൽ വച്ച് നായ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കടനാട് പഞ്ചായത്തിലെ 14-ാം വാർഡിൽ താമസക്കാരൻ ആയ ബിജെപിയുടെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ പാലക്കുഴയാണ് മേലുകാവ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്.
.സെപ്റ്റംബർ ആറിന് രാവിലെ 8.30ഓടെ കടനാട്–കൊല്ലപ്പള്ളി റോഡിലെ കാർ വർക്ക്‌ഷോപ്പിന് സമീപമുള്ള വീട്ടിൽ പ്രസാദം നൽകാനെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. അടച്ചിട്ടിരുന്ന ഗേറ്റിന് സമീപം എത്തി വിളിച്ചപ്പോൾ ഗേറ്റ് തുറന്ന് പ്രസാദം വാങ്ങുന്നതിനിടെ, ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന വലിയ നായ പുറത്തേക്ക് ചാടി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
.നായ കൈയിൽ കടിക്കുകയും ആക്രമണത്തിനിടെ വയറിന് പരിക്കേൽക്കുകയും ചെയ്തതായി നന്ദകുമാർ പറയുന്നു. തുടർന്ന് ഉള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാലാ ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയതായും തുടർ കുത്തിവയ്പുകൾ സ്വീകരിച്ചുവരികയാണെന്നും പരാതിയിൽ പറയുന്നു. നിലവിൽ പനിയും ശരീരവേദനയും അനുഭവപ്പെടുന്നതായും ഒരു മാസത്തോളം വിശ്രമം ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
.നായയുടെ ഉടമയുടെ ഭാഗത്തുനിന്ന് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ആക്രമിച്ച നായയ്ക്ക് ലൈസൻസ് ഉണ്ടോയെന്നും ആവശ്യമായ വാക്സിനേഷൻ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നും നായയുടെ ഉടമകൾക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും നന്ദകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
.







0 Comments