പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി (2026) അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു. ബി.ടെക്, എം.സി.എ, എം.ബി.എ, ഇന്റഗ്രേറ്റഡ് എം.സി.എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (കാലിക്കറ്റ്) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജയരാജ് എസ്. കിടാവ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. എഞ്ചിനീയർമാർ എപ്പോഴും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ തക്ക നൈപുണ്യം നേടി സമൂഹത്തെ ഉന്നതിയിലെത്തിക്കാൻ അവർക്ക് സാധിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
.എഞ്ചിനീയർ ആവുക എന്നാൽ കേവലം ഒരു ബി.ടെക് ഡിഗ്രി നേടുക എന്നതല്ല അർത്ഥമാക്കുന്നത്, മറിച്ച് കഠിനാധ്വാനത്തിലൂടെ സ്വന്തം ചുറ്റുപാടുകളിൽ സംഭവിക്കുന്ന പുരോഗതികൾ കൃത്യമായി മനസ്സിലാക്കി അവ സമൂഹത്തിന് നൽകുക എന്നതാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വരുംകാല സാങ്കേതികവിദ്യകളായ ക്വാണ്ടം ടെക്നോളജി അഥവാ അതിവേഗ ഡാറ്റാ കമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് ഉയർന്നുവരാൻ ഇന്നത്തെ എഞ്ചിനീയർമാർക്ക് സാധിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
.ചടങ്ങിൽ കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പാലാ സെന്റ് ജോസഫ്സ് കേവലം ബിരുദങ്ങൾ മാത്രം നൽകുന്ന സ്ഥാപനമല്ലെന്നും, മറിച്ച് പ്രായോഗികതലത്തിലുള്ള കൃത്യമായ പരിശീലനം നൽകി മികച്ച എഞ്ചിനീയർമാരെ വാർത്തെടുക്കുന്ന ഇടമാണെന്നും അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
സമൂഹത്തിന്റെ പല മേഖലകളിലായി ശോഭിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഇതിന് ഉദാഹരണമാണെന്നും, 'പ്രായോഗികജ്ഞാനമില്ലാത്ത എഞ്ചിനീയർമാർ' എന്ന ചൊല്ലിനെ മാറ്റിമറിക്കാൻ സെന്റ് ജോസഫ്സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ആൻസി ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി.
.കുട്ടികളെ പേരുചൊല്ലി അറിയുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊന്നാണ് പാലാ സെന്റ് ജോസഫ്സെന്നും, ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിക്കും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അവർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കോളേജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരാംവേലിൽ എന്നിവർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.



.jpeg)


0 Comments