വൈദ്യുതി ലൈനിന് സമീപം കുമ്പളങ്ങ വള്ളിയും കണിക്കൊന്ന മരത്തിന്റെ ശിഖരങ്ങളും വളർന്ന് ലൈനിലേക്ക് മുട്ടിനിൽക്കുന്ന കാഴ്ച. കൗതുകം തോന്നിക്കുന്നതാണെങ്കിലും, അപകടസാധ്യത ഉയർത്തുന്നതായി നാട്ടുകാർ.
ഇടമറുക് ആശുപത്രിപ്പടിക്ക് സമീപം 11 കെവി വൈദ്യുതി ലൈനിന് തൊട്ടടുത്തായി നിൽക്കുന്ന കണിക്കൊന്ന മരത്തിന്റെ ശിഖരങ്ങൾ ലൈനിലേക്ക് വളർന്ന് മുട്ടിനിൽക്കുകയാണ്. ഇതിനൊപ്പം കണിക്കൊന്നയിൽ വളർന്ന കുമ്പളങ്ങ വള്ളിയും 11 കെവി ലൈനിലേക്ക് പടർന്നുകയറി കുമ്പളങ്ങകൾ വളർന്നുതൂങ്ങുന്ന നിലയിലാണ്.
.ഇതോടെ “കെഎസ്ഇബിയുടെ 11 കെവി ലൈനിൽ കുമ്പളങ്ങ കൃഷിയോ?” എന്ന പരിഹാസത്തോടെയാണ് നാട്ടുകാർ വിഷയത്തെ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, തമാശയ്ക്കപ്പുറം വൈദ്യുതി സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയാണ് ഇവിടെ ഉയരുന്നത്.
ആശുപത്രി, വെയിറ്റിംഗ് ഷെഡ്, കടകൾ തുടങ്ങിയവ പ്രവർത്തിക്കുന്ന ജനത്തിരക്കേറിയ പ്രദേശത്തിന് സമീപമാണ് ഈ വൈദ്യുതി ലൈൻ. മരച്ചില്ലകളും വള്ളികളും ലൈനിലേക്ക് വളർന്ന് നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
.പോസ്റ്റ് നമ്പർ ETT 331 എന്നാണ് വൈദ്യുതി പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പോസ്റ്റിന് സമീപം തന്നെയാണ് കണിക്കൊന്ന മരവും അതിൽ പടർന്നുകയറിയ കുമ്പളങ്ങ വള്ളിയും നിൽക്കുന്നത്.
മരച്ചില്ലകളും വള്ളികളും നീക്കം ചെയ്യണമെന്ന് പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടമുണ്ടായ ശേഷം നടപടി സ്വീകരിക്കുന്നതിന് പകരം, അപകടസാധ്യത മുൻകൂട്ടി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.കണിക്കൊന്നയും കുമ്പളങ്ങ വള്ളിയും ഉടൻ വെട്ടിമാറ്റി 11 കെവി ലൈൻ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലൈനിൽ കുമ്പളങ്ങ വളരുന്നത് കൗതുകക്കാഴ്ചയല്ല; ലൈനിലേക്ക് മുട്ടിനിൽക്കുന്ന മരവും വള്ളിയും കണ്ടാൽ അത് സുരക്ഷയുടെ മുന്നറിയിപ്പാണ്.
അപകടം കാത്തിരിക്കാതെ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാർത്ത ചിത്രം റോബിൻ ഇരുമാപ്ര
.






0 Comments