എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര , യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ, യുഡിഎഫ് , കൺവീനർ പ്രകാശ് പുളിക്കൻ , സെക്രട്ടറി റാസി ചെറിയ വല്ലം , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്വ. സതീഷ് കുമാർ, ബിനു മറ്റക്കര എന്നിവർ ആരോപിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുൻപെങ്ങും ഉണ്ടാകാത്ത വിധം അതിഭീകരമായി കാലവർഷക്കെടുതി ഉണ്ടായിരിക്കുകയാണ്. പൂഞ്ഞാറിന്റെ ചരിത്രത്തിൽ ഇത്രയധികം നാശങ്ങൾ വരുത്തിവെച്ച കാലവർഷക്കെടുതി ജൂലൈ 31ന് രാത്രി മുതൽ ആരംഭിച്ചതാണ്.
.ആഗസ്റ്റ് ഒന്നാം തീയതി പൂഞ്ഞാർ പയ്യാനത്തോടത്തിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അതിഭീകരമായ ഉരുൾപൊട്ടൽ ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ ആയ പൂഞ്ഞാർ തെക്കേക്കര, തീക്കോയി ,കൂട്ടിക്കൽ, മുണ്ടക്കയം ,എരുമേലി തുടങ്ങി എല്ലാ മേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കുകൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതേയുള്ളൂ. ഒന്നാം തീയതി രാവിലെ മുതൽ പൂഞ്ഞാർ പയ്യാനത്തോടത്തിലെ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളിലും നേരിട്ടു മേൽനോട്ടം വഹിച്ചത് പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യനാണ്.
.അമേരിക്കയിൽ നടക്കുന്ന ഫോക്കാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയായി നിശ്ചയിച്ചിരിക്കുന്ന ബഹുമാനപ്പെട്ട പൂഞ്ഞാർ എം എൽ എ ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി മുൻ എം എൽ എ യും സംഘവും എത്തിയിരിക്കുകയാണ് . കാലവർഷക്കെടുതി സംഭവിച്ച ദിവസം തന്നെ എം എൽ എ യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട എം പി ശ്രീ ആൻ്റോ ആൻറണി, കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന ജലസേചന മന്ത്രി മോൻസ് ജോസഫ്, ജില്ലാ കളക്ടർ തുടങ്ങി എല്ലാവരുടെയും നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ അവലോകനയോഗം ചേരുകയും ഏറ്റവും വേഗത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വെറുതെ പത്ര മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമത്തിലൂടെയും മാത്രം പ്രതികരിക്കുന്ന മുൻ എം എൽ എ യും സംഘവും എവിടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതായി ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയം നോക്കി സേവനം ചെയ്യുന്ന മുൻ എം എൽ എ യും സംഘവും കേവലം രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങൾ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളുകയേയുള്ളൂ.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും സംയുക്ത യോഗം എം എൽ എ യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത് തുടർനടപടികൾ നിർദ്ദേശിക്കുകയുണ്ടായി. ഇത്രയും നടപടികളെ കണ്ടില്ലെന്ന് നടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന പാഴ് ശ്രമങ്ങളായി ഇടതുപക്ഷത്തിന്റെ പ്രസ്താവന കാണാൻ സാധിക്കുകയുള്ളൂ എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.





0 Comments