Latest News
Loading...

കേന്ദ്രം വടിയെടുത്തു. ഇളവുകള്‍ തിരുത്തി കേരളം


കേരളം നടപ്പാക്കിയ ഇളവുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതോടെ കേരളം ഇളവുകളില്‍ തിരുത്തല്‍ വരുത്തി. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിക്കും. ഹോട്ടലും തുറക്കാനാവില്ല. ബൈക്കില്‍  2പേര്‍ക്ക് സഞ്ചരിക്കാമെന്ന ഉത്തരവും പിന്‍വലിച്ചേക്കും. 

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ നല്‍കാന്‍ അനുവദിക്കും. ബാര്‍ബര്‍ഷോപ് ജീവനക്കാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാന്‍ അനുമതി നല്‍കിയേക്കും. വര്‍ക്കുഷോപ്പുകള്‍ തുറക്കാന്‍ അനുമതി തേടും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിട്ട് പുറത്തിറക്കും. 


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ് ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. 

 കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ലോക്ക്ഡൗണ് ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. പുസ്തകശാലകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം അറിയിച്ചു. കാറില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.