പാലാ: പാലായിലും സമീപ പ്രദേശങ്ങളിലും ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പാലായിലെ വിവിധ ആശുപത്രികളിൽ ഇൻഫ്ലുവൻസ ബാധിച്ച് നിരവധി പേർ ചികിത്സ തേടുന്നതായും ചിലർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടതായും വിവരം.
സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പാലാ നഗരസഭ കൗൺസിലർ ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആരോഗ്യവിഭാഗങ്ങളും ആശാ പ്രവർത്തകരും രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും പ്രതിരോധ നടപടികൾ ശക്തമാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
.പനി, വിറയൽ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, അമിത ക്ഷീണം തുടങ്ങിയവയാണ് ഇൻഫ്ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടുക, കൈകൾ ഇടയ്ക്കിടെ കഴുകുക, രോഗലക്ഷണങ്ങളുള്ളവർ അടുത്ത സമ്പർക്കം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ ആവശ്യമായ സാഹചര്യത്തിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.
.മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നതും ഡോക്ടറുടെ നിർദേശപ്രകാരം ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നതും രോഗബാധയും ഗുരുതര സങ്കീർണതകളും കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
.രോഗലക്ഷണങ്ങൾ പ്രകടമായാൽ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. സ്വയം ആന്റിബയോട്ടിക് കഴിക്കുന്നത് ഒഴിവാക്കണം. ശ്വാസംമുട്ടൽ, നെഞ്ചുവേദന, ബോധക്ഷയം, തുടർച്ചയായ ഉയർന്ന പനി തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്.
.





0 Comments