ഈരാറ്റുപേട്ട നഗരസഭയുടെ ഫാമിലി ഹെൽത്ത് സെന്ററിൽ എക്‌സ്-റേ യൂണിറ്റിന്റെയും പുതിയ ബയോകെമിസ്ട്രി അനലൈസറിന്റെയും പ്രവർത്തനം ആരംഭിച്ചു. ദിവസേന ഏകദേശം 400 ഓളം ആളുകൾ ചികിത്സയ്ക്കും വിവിധ ആരോഗ്യ സേവനങ്ങൾക്കുമായി എത്തുന്ന ഫാമിലി ഹെൽത്ത് സെന്ററിൽ പുതിയ സൗകര്യങ്ങൾ കൂടി പ്രവർത്തന സജ്ജമായതോടെ രോഗികൾക്ക് കൂടുതൽ മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.
.ഇതുവരെ എക്‌സ്-റേ പരിശോധനയ്ക്കായി മറ്റ് ആശുപത്രികളെയും സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്നിരുന്ന രോഗികൾക്ക് ഇനി ഫാമിലി ഹെൽത്ത് സെന്ററിൽ തന്നെ എക്‌സ്-റേ പരിശോധന നടത്താൻ സാധിക്കും. ഇതിലൂടെ രോഗികളുടെ സമയവും യാത്രാചെലവും കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സൗകര്യപ്രദമായ ആരോഗ്യപരിചരണം ഉറപ്പാക്കാനും സാധിക്കും.
.ഇതിന് പുറമെ ഗവൺമെന്റ് ഹെൽത്ത് ഗ്രാന്റ് വഴി ഏകദേശം 5 ലക്ഷം രൂപ വിലവരുന്ന ബയോകെമിസ്ട്രി അനലൈസറും ഫാമിലി ഹെൽത്ത് സെന്ററിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തന ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പുതിയ ഉപകരണം പ്രവർത്തനസജ്ജമായതോടെ വിവിധ ലബോറട്ടറി പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും സാധിക്കും.
എക്‌സ്-റേ യൂണിറ്റിന്റെയും ബയോകെമിസ്ട്രി അനലൈസറിന്റെയും സ്വിച്ച് ഓൺ കർമ്മവും പ്രവർത്തന ഉദ്ഘാടനവും പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം ജെ നിർവഹിച്ചു.
.ചടങ്ങിൽ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി. പി. നാസർ, വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന എം. എം., സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീമാ നാസർ, അഫ്സൽ ഇജാസ്, തസ്‌ലിൻ സിറാജ്, പാർലിമെന്ററി പാർട്ടി ലീഡർമാരായ അബ്ദുൽ ബാസിത്, സുനിൽ കുമാർ, ജെയിംസ് കുന്നേൽ,കൗൺസിലർമാരായ അൻവർ അലിയാർ, രസ്ന ഹസീർ, അബ്സാർ മുറിക്കോലിൽ, ഷിയാസ് സി.സി.എം., അഫ്സൽ വെള്ളൂപറമ്പിൽ, രാഷ്ട്രീയ പ്രതിനിധികളായ അനസ് നാസർ, റസീം മുതുകാട്, വികസന സമിതി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. ശാന്തി, ആശുപത്രി വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങൾക്ക് കൂടുതൽ മികച്ചതും സൗകര്യപ്രദവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഈരാറ്റുപേട്ട നഗരസഭയുടെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതാണ് എക്‌സ്-റേ യൂണിറ്റിന്റെയും ബയോകെമിസ്ട്രി അനലൈസറിന്റെയും പ്രവർത്തനാരംഭം.





0 Comments