ലഹരിമുക്ത സമൂഹത്തിനായുള്ള ശക്തമായ ബോധവത്കരണ സന്ദേശമുയർത്തിക്കൊണ്ട് "ഓപ്പറേഷൻ തൂഫാൻ" പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു.
ആരോഗ്യ സംരക്ഷണത്തോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന സൺറൈസ് ഹോസ്പിറ്റലിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ വാക്കത്തോൺ സംഘടിപ്പിച്ചത്. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും പ്രത്യേകിച്ച് യുവതലമുറയെ ലഹരിക്കെതിരെ അണിനിരത്തുന്നതിനുമാണ് വാക്കത്തോൺ ലക്ഷ്യമിട്ടത്.
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മെഗാ വാക്കത്തോണിൽ പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 350 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വാക്കത്തോണിന്റെ സമാപനം ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നടന്നു.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് പാലാ ഡി.വൈ.എസ്.പി ശ്രീ കെ. സദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ്, ജനമൈത്രി സബ് ഇൻസ്പെക്ടർ ശ്രീ ബിനോയ് തോമസ്, സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ശ്രീ പ്രകാശ് മാത്യു, സി.ഒ.ഒ ശ്രീ സോനു എന്നിവർ ആശംസകൾ നേർന്നു.
ആരോഗ്യപരിചരണത്തിൽ മാത്രം ഒതുങ്ങാതെ ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിർമാണത്തിലും സൺറൈസ് ഹോസ്പിറ്റൽ സജീവ പങ്കാളിത്തം തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലഹരി വിരുദ്ധ ബോധവത്കരണം, ആരോഗ്യ വിദ്യാഭ്യാസം, സമൂഹ കേന്ദ്രീകൃത പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രദേശത്തെ ജനങ്ങളുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള സൺറൈസ് ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.


0 Comments