പാലാ: പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലും അൽഫോൻസാ കോളേജ് മുൻപന്തിയിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്. സമൂഹനന്മ ലക്ഷ്യമാക്കി കോളേജിലെ വിവിധ വകുപ്പുകൾ ഈ അധ്യയനവർഷം നടപ്പാക്കുന്ന കർമ്മപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലാ നഗരസഭാ പരിധിയിലെയും സമീപപ്രദേശങ്ങളിലെയും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള കുടിവെള്ളം സൗജന്യമായി പരിശോധിച്ച് ഗുണനിലവാര റിപ്പോർട്ട് നൽകുന്ന പ്രവർത്തനത്തിലൂടെ കോളേജിലെ വിദ്യാർഥികൾ സമൂഹത്തിന് മാതൃകയായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
.കോളേജിലെ നിലവിലുള്ള ലബോറട്ടറിയുടെ സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാലായുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന മീനച്ചിലാർ സംരക്ഷിക്കേണ്ടത് പാലാ നിവാസികളുടെ കടമയാണെന്ന് ബിഷപ്പ് പറഞ്ഞു.
നദീസംരക്ഷണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് വരുംതലമുറയ്ക്കായി സമൂഹത്തിന് ചെയ്യാൻ കഴിയുന്ന വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
.കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു വിഷയാവതരണം നടത്തി. പാലാ എം.എൽ.എ. മാണി സി. കാപ്പൻ, മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ, വാർഡ് കൗൺസിലർ പ്രിൻസി സണ്ണി മാന്താടിൽ, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പ്രൊഫ. ഡോ. മിനു ജോയി, ഡി.ബി.ടി. സ്റ്റാർ കോളേജ് കോർഡിനേറ്റർ ഡോ. അമ്പിളി ടി.ആർ. എന്നിവർ പ്രസംഗിച്ചു.
.പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ജലജന്യ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായി സുവോളജി പി.ജി. ആൻഡ് റിസർച്ച് വിഭാഗം പാലാ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധനയുടെ റിപ്പോർട്ടും പരിഹാരമാർഗനിർദേശങ്ങളും നഗരസഭയ്ക്ക് കൈമാറി.
കോളേജിലെ റിസർച്ച് ലബോറട്ടറിയെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള സർട്ടിഫൈഡ് പരിശോധനാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘മിഷൻ മൗസം’ ദേശീയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ (NCESS) സഹകരണത്തോടെ കോളേജിലെ ഫിസിക്സ് വിഭാഗത്തിൽ സ്ഥാപിച്ച ആധുനിക ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെയും (AWS) ചടങ്ങിൽ ഉദ്ഘാടനം നടന്നു.
യുവതലമുറയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസാ കോളേജും കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി സ്ഥാപിച്ച ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.
വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കായികവികസനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് കോളേജിന്റെ കർമ്മപദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്നത്.





0 Comments