ഭാരതത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷം വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടന്നു. രാവിലെ ഒൻപത് മണിക്ക് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ദേശീയ പതാക ഉയർത്തി. ഫ്ലാഗ് സല്യൂട്ട്, ദേശീയ ഗാനാലാപനം എന്നിവയ്ക്ക് ശേഷം
കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിജിമോൾ എം ടി, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കക്കാട്ടിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
.ഗാന്ധിജിയും ജവഹർലാലും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികൾ പകർന്നു നൽകിയ ഊർജ്ജം കാത്തുസൂക്ഷിച്ചുകൊണ്ട് നല്ല മക്കളായി വളരണമെന്ന് വാർഡ് മെമ്പർ ബിജിമോൾ എം ടിയും വളർന്നുവരുന്ന കുട്ടികളെ നേർവഴിക്ക് നയിക്കുവാൻ അധ്യാപകരെയും മാതാപിതാക്കളെയും പോലെ തങ്ങൾ പൊതുപ്രവർത്തകരും ബാധ്യസ്ഥരാണ് എന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കക്കാട്ടിലും പറഞ്ഞു.
.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ എസ് സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് ഷെൽമി തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു. ദേശസ്നേഹം ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അല തല്ലിയ ഭാരതാംബയുടെ വേഷമണിഞ്ഞ പെൺകുട്ടിയും മൂവർണ്ണക്കൊടികളേന്തിയ വിദ്യാർത്ഥികളും അണിചേർന്ന വർണ്ണശബളമായ സ്വാതന്ത്രദിന റാലി തുടർന്ന് നടന്നു. മാതാപിതാക്കളുടെയും മുൻ പിടിഎ അംഗങ്ങളുടെയും എസ്എംസി അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായി. മധുര പലഹാര വിതരണത്തോടെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
.





0 Comments