നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തില്‍ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം. ആശയ വിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റന്‍ മേഖലയിലും 200 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്. ടിബറ്റന്‍ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകം മുറിയാനും സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
.പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് കൂടുതല്‍ സഹായം എത്തിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി കൂടുതല്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം ഇന്ത്യയുടെ സഹായം നേപ്പാളില്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കരസേനയുടെ പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനത്തിന് അടക്കം നേപ്പാളിലെത്തും. നേപ്പാളിലെ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി വിനോദ സഞ്ചാര സംഘവും അപകടമേഖലയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് മുന്‍ എസ് ഐ പ്രദീപ് അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് പെട്ടിരിക്കുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം.
.പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.അതേ സമയം തന്നെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.
.നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാണാതായവരില്‍ 32 പോലീസുകാരും 25 തീര്‍ഥാടകരും ഉള്‍പ്പെടുന്നു. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട 12 പേരെ ഹെലികോപ്റ്ററില്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് അതിര്‍ത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്.
.നിരവധി ഗ്രാമങ്ങള്‍, മാര്‍ക്കറ്റുകള്‍, ജലസേചന പദ്ധതികള്‍ എന്നിവ പ്രളയജലത്തില്‍ ഒഴുകിപ്പോയി. ഗതാഗത ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.






0 Comments