കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും അപകടസാധ്യത അവഗണിക്കരുത്. സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ അധികൃതർ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഉടൻ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം.
.അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി എൻ ഡി ആർ എഫിന്റെയും പോലീസിന്റെയും പ്രത്യേകസംഘം പൂഞ്ഞാറിൽ എത്തി. പൂഞ്ഞാർ SMV സ്കൂളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. 23 NDRF സംഘാംഗങ്ങളും 20 എസ് ഡി ആർ എഫ് അംഗങ്ങളുമാണ് സംഘത്തിലുള്ളത്.
.അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 3, തിങ്കൾ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
അടിയന്തര അറിയിപ്പ്. മാണി സി. കാപ്പൻ, എം.എൽ.എ
പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ മലയോര പ്രദേശങ്ങളിൽ ഇന്നലെ രാത്രി ആരംഭിച്ച അതിശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പാലായിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസത്തേക്കാൾ രൂക്ഷമായ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇടപ്പാടി, മൂന്നാനി, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
വ്യാപാരികൾ കടകളിലുള്ള സാധനങ്ങൾ എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.
ജില്ലാ കളക്ടർ, ആർ.ഡി.ഒ., തഹസിൽദാർ, ദുരന്തനിവാരണ വിഭാഗം എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ എല്ലാ നടപടികളും ഏകോപിപ്പിച്ചുവരികയാണ്. പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾക്കായി പ്രത്യേക സ്കൂബാ റെസ്ക്യൂ ടീമിനെയും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
മഴക്കെടുതി മൂലം വീടുകൾക്കും, കൃഷിക്കും,വ്യാപാര സ്ഥാപനങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും സംഭവിക്കുന്ന എല്ലാ നാശനഷ്ടങ്ങളും അതത് വില്ലേജ് ഓഫീസുകളിൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യുക. വില്ലേജ് ഓഫീസർമാർ ആവശ്യമായ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലൂടെ അർഹരായ എല്ലാവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.




0 Comments