Latest News
Loading...

നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണം-മന്ത്രി




കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭ്യർഥിച്ചു.

സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അപകടസാധ്യത മുന്നിൽ കണ്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാകണം.  

പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ ഇതുവരെ ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായത് മീനച്ചിൽ താലൂക്കിലാണ്. മുഖ്യമന്ത്രി നേരിട്ട് ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. പൂഞ്ഞാർ മേഖലയിൽ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയും പാലായിൽ മാണി സി. കാപ്പൻ എം.എൽ.എയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.



.

ശനിയാഴ്ച്ച പുലർച്ചെ മുതൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നുണ്ട്-മന്ത്രി പറഞ്ഞു.

പൂഞ്ഞാർ തെക്കേക്കരയിൽ മരിച്ച റെജീന ജോണിയുടെ ഭർത്താവ് ജോണിയെ മന്ത്രി പാലാ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. മാണി സി. കാപ്പൻ എം.എൽ.എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തോട്ടയ്ക്കാട്ട് വെള്ളത്തിൽ വീണു മരിച്ച മിലൻ കെ. ഷിജുവിന്റെ ബന്ധുക്കക്കളെ കോട്ടയം മെഡിക്കൽ കോളജിൽ അദ്ദേഹം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു



കനത്ത മഴയില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളില്‍ അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്‍റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു.  പൂഞ്ഞാര്‍ തെക്കേക്കരയില്‍  പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍തന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ  നടപടികള്‍ സ്വീകരിക്കും.

നഷ്ടമുണ്ടായ വ്യാപാരികൾക്കും അർഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്പപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്‍കാന്‍ നടപടിയുണ്ടാകും.

ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. സുരക്ഷാ മുന്‍കരുതലകള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും തയ്യാറാണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഇതിനു ചെലവാകുന്ന തുക ജില്ലാ കളക്ടർ വഴി സർക്കാർ നൽകും. ദുരിത ബാധിതർക്ക് സൗജന്യ റേഷൻ നൽകുന്ന കാര്യവും പരിഗണിക്കും.

അടിയന്തര സഹായമെത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കും. ഈരാറ്റുപേട്ടയിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.




സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും സർക്കാരിനെ അറിയിക്കുന്നതിനും എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ യുടെ നേതൃത്വത്തിൽ  നിരീക്ഷണ സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ, പഞ്ചായത്തു പ്രസിഡൻ്റുമാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി.

ദുരിത ബാധിതരായ കർഷകരുടെയും വ്യാപാരികളുടെയും ബാങ്ക് ലോണുകൾക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നും ആൻ്റോ ആൻ്റണി എംപി യോഗത്തിൽ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് എമർജൻസി ഡിസാസ്റ്റർ മാനേജ്മെൻ്റ്  ടീമിന് രൂപം നൽകണം. ഈരാറ്റുപേട്ടയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണം - അദ്ദേഹം നിർദ്ദേശിച്ചു.

പോലീസും റവന്യൂ അധികൃതരും ജനപ്രതിനിധികളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങൾ തയ്യാറാകണമെന്ന് എം.ജെ. സെബാസ്റ്റ്യൻ എം. എൽ. എ  നിർദ്ദേശിച്ചു. കഴിയുന്നത്ര വേഗം വൈദ്യുതി വിതരണം പുനരാരംഭിക്കണമെന്ന് അദ്ദേഹം കെ.എസ്.ഇ.ബി അധികൃതർക്ക് നിർദ്ദേശം നൽകി.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്‌കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ മോഹൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുബ്രഹ്മണ്യൻ, നഗരസഭാ, ഗ്രാമപഞ്ചായത്ത് അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments