സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പുനർവിന്യാസത്തിനുള്ള അന്തിമ രൂപരേഖയായി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
.പുതിയ തസ്തികകൾ സൃഷ്ടിക്കാതെയാണ് പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പുനലൂരിൽ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അധിക സേവനം ആവശ്യമാണ്.
.കൊല്ലം ജില്ലയിൽ മാത്രം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുമായി 74 ഡോക്ടർമാരെ പുനർവിന്യസിക്കും. സ്പെഷ്യലിസ്റ്റ് സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യാനുസരണം നഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാറ്റി നിയമിക്കും. ആവശ്യമെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിദഗ്ധ സേവനവും പ്രയോജനപ്പെടുത്തും.
.പുതിയ തസ്തികകൾ സൃഷ്ടിക്കില്ലെങ്കിലും പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെ ജൂനിയർ കൺസൾട്ടന്റുമാരായി താത്കാലികമായി നിയമിക്കുന്നതിനാണ് തീരുമാനം. തുടർന്ന് ഈ തസ്തികകൾ പുനർനാമകരണം ചെയ്യും.
.പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പകരമായി ജോലിഭാരം കുറഞ്ഞ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരെയും പുതുതായി നിയമിക്കുന്ന പി.ജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാരെയും കണ്ടെത്തി നിയമിക്കും.
പൊതുജനങ്ങൾക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് സമഗ്ര പുനർവിന്യാസ പദ്ധതി നടപ്പാക്കുന്നത്. പുനലൂരിൽ നടപ്പാക്കുന്ന മാതൃകയുടെ അടിസ്ഥാനത്തിൽ പദ്ധതി പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.






0 Comments