Latest News
Loading...

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഏഴാംദിനം



ഭരണങ്ങാനത്ത് തിരുനാളിന്റെ ഏഴാംദിനമായ ഇന്ന്  കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍  ജോസഫ് പുളിക്കല്‍  രാവിലെ 11.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. വിശ്വാസത്തിന്റെ കണ്ണിലൂടെ സഹനത്തെ നോക്കി കണ്ട് ദൈവസ്‌നേഹത്തിന്റെ, അനുഗ്രഹത്തിന്റെ വഴിയാണ് സഹനം എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ഭാരതത്തിന്റെ അഭിമാനമായ പ്രഥമ വിശുദ്ധ, വി. അല്‍ഫോന്‍സായുടെ ജീവിത മാതൃക ഈ കാലഘട്ടത്തിന് ഒരു വെല്ലുവിളിയാണ് എന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പുളിക്കല്‍ പറഞ്ഞു. സഹനത്തിന് ഉത്തരം ഉണ്ട് എന്നും മുറിവുകള്‍ രക്ഷാദായകമാണ് എന്നും കര്‍ത്താവിന്റെ തിരുമുറിവിന്റെ പ്രകാശത്തില്‍ സ്വന്തം മുറിവുകളെ വായിച്ചെടുത്ത വിശുദ്ധ അല്‍ഫോന്‍സ നമ്മോട് പറയുന്നു. 



.ലോകത്തിന്റെ ഭാഷയില്‍ സുഖം, സൗകര്യം, സമ്പത്ത്, ലൗകിക താത്പര്യങ്ങള്‍ എന്നിവ അന്വേഷിക്കുമ്പോള്‍ ദൈവസ്‌നേഹത്തിന്റെ നിറവില്‍ വിശുദ്ധ അല്‍ഫോന്‍സ അന്വേഷിച്ചത് സഹനങ്ങള്‍ ഏറ്റെടുത്ത്, ത്യാഗങ്ങള്‍ ഏറ്റെടുത്ത്, വിശുദ്ധിയില്‍ വളരാനാണ്. ദൈവഹിതം അനുവര്‍ത്തിച്ച് സഹനം എങ്ങനെ സ്വീകരിക്കാം എന്നാണ്. സഹനങ്ങളെ പാഴാക്കി കളയരുത് ,വിശുദ്ധിയിലേക്കുള്ള ഉപാധിയാണ് എന്നും തിരുമുറിവിനോട് ചേര്‍ന്ന് നിന്ന് സഹനത്തെ സ്വീകരിക്കണം എന്നും പിതാവ് ഓര്‍മ്മപ്പെടുത്തി. നമ്മുടെ ഇടയില്‍ നിന്ന് നമ്മുടെ സ്വന്തം രക്തത്തിന്റെ ഭാഗമായി ഒരാളെ വിശുദ്ധിയുടെ ഔന്നിത്യത്തിലേക്ക് ദൈവം ഉയര്‍ത്തിയത് നമുക്ക് മാതൃകയാക്കുന്നതിനാണ് മാധ്യസ്ഥം അപേക്ഷിക്കുന്നതിനാണ്. 





.ലോക സുഖങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാല്‍ സഹനങ്ങള്‍ക്ക് അത്ഭുതകരമായ ഉത്തരമുണ്ട്, അത് ഒരു യാഥാര്‍ത്ഥ്യമാണ്, മഹത്തീകരണത്തിന്റെ കാരണമാണ്. കര്‍ത്താവിന്റെ തിരുമുറിവിന്റെ സുവിശേഷം ജീവിച്ചവള്‍, കര്‍ത്താവിന്റെ തിരുമുറിവിനെ സ്‌നേഹമെന്ന് വ്യാഖ്യാനിച്ചവള്‍, കര്‍ത്താവിന്റെ തിരുമുറിവിന്റെ പ്രകാശത്തില്‍ സ്വന്തം ജീവിതത്തെ രക്ഷാദായകമായ വിധം വായിച്ചെടുത്തവള്‍ വിശുദ്ധ അല്‍ഫോന്‍സ. സ്‌നേഹത്തില്‍ വ്യാപരിക്കാന്‍ വിശുദ്ധ അല്‍ഫോന്‍സ ലോകത്തോട് വിളിച്ചുപറയുന്നു. 


ലക്ഷോപലക്ഷങ്ങളുടെ ജീവിതത്തിലേക്ക് സ്വാന്തനമായി, രോഗശാന്തിയായി, കൃപയുടെ നിറവായി, സ്‌നേഹമായി, ദൈവകൃപയുടെ ഒഴുകിയിറങ്ങുന്ന ജലധാരയാണ് വിശുദ്ധ അല്‍ഫോന്‍സ എന്ന് പിതാവ് എടുത്തു പറഞ്ഞു.  റവ. ഫാ. ആന്റണി വാഴയില്‍, ഫാ. തോമസ് വാഴയില്‍. ഫാ. ജോസഫ് ചാത്തനാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈകുന്നേരം 5 മണിക്ക് ആര്‍ച്ച് ബിഷപ് എമരിറ്റസ് റായ്പൂര്‍,  മാര്‍ ജോസഫ് അഗസ്റ്റിന്‍ ചരണകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.


Post a Comment

0 Comments