പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു. പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത്. ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു.
.ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്രോൾ പമ്പിന് മുൻവശത്ത് ആയിരുന്നു അപകടം. വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ജീപ്പിലും മറ്റു രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തി എന്ന് ആരോപിച്ച് കഴിഞ്ഞദിവസം എംവിഡി പിടികൂടിയ ബസാണിത്.
രാത്രിയിൽ ബസ് പിടികൂടിയതിനെ തുടർന്ന് ഗിരീഷും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കം ഉണ്ടാവുകയും പിറ്റേന്ന് വലിയ മാധ്യമ വാർത്തയായി മാറുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥനോട് വാഹനം കയറ്റി ഇടാൻ ആവശ്യപ്പെടുകയും അറിയില്ലെങ്കിൽ വേറെ പണിക്ക് പോകാനും ആണ് ഗിരീഷ് ആവശ്യപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥൻ ബസ് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മദ്യപിച്ച് ബസ്സ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുക്കും. എം വി ഡി യുമായുള്ള പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ മോട്ടോർ വാഹന വകുപ്പും വിഷയത്തിൽ ഇടപെടും എന്നാണ് ലഭിക്കുന്ന സൂചന. മദ്യപിച്ചതായി കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയേക്കും .
അതിനിടെ സ്വകാര്യ ബസ് ജീവനക്കാരിൽ ചിലർക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായും ആക്ഷേപമുണ്ട്. സർവീസുകൾക്കിടയിൽ ലഭിക്കുന്ന സമയം ലഹരി അടിമപ്പെടുന്നവർ ഒത്തുകൂടാനായും ഉപയോഗിക്കുന്നു. ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ബസ് ഉടമകൾ അടക്കം ആവശ്യപ്പെടുന്നത്.




0 Comments