Latest News
Loading...

ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന പുണ്യവതി വിശുദ്ധ അല്‍ഫോന്‍സാ. മാര്‍ ജേക്കബ് മുരിക്കന്‍



വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ 9-ാം ദിവസമായ ഇന്ന്  പാലാ രൂപതാ മുന്‍ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്  മുരിക്കന്‍  രാവിലെ 11.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ജീവിതത്തിലെ ഏറെക്കാലവും രോഗിയായി കിടക്കയില്‍ ആയിരുന്നു അല്‍ഫോന്‍സാ, എന്നാല്‍ സഹനം പ്രാര്‍ത്ഥന യാക്കിയപ്പോള്‍ അതിന് ദൈവസന്നിധിയില്‍ വിലയുണ്ട്. അതിന് സാക്ഷ്യമാണ്  വി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന രോഗികള്‍ സൗഖ്യം പ്രാപിച്ച് തിരികെ പോകുന്നത് എന്ന് തിരുനാളിന്റെ ഒമ്പതാം ദിവസം ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കിയ  മാര്‍  ജേക്കബ് മുരിക്കന്‍ പറഞ്ഞു.



.നിര്‍മ്മിത ബുദ്ധിയിലൂടെ ലോകത്തെ കീഴടക്കാം എന്ന് വിചാരിക്കുമ്പോള്‍, മനുഷ്യന്റെ  മൂല്യങ്ങള്‍ക്ക് വിലകുറച്ച് കാണുമ്പോള്‍, യഥാര്‍ത്ഥ മൂല്യം മനുഷ്യനാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. വി.അല്‍ഫോന്‍സാമ്മയുടെ ക ബറിടത്തില്‍ ദൈവത്തിന്റെ മഹത്വവും മനുഷ്യന്റെ മഹത്വവും കാണുന്നു. ലോകത്തില്‍ എന്ത് ചെയ്തു എന്നതിലല്ല; എങ്ങിനെ ചെയ്തു, അപരന്റെ നന്മയ്ക്ക് കാരണമായോ എന്നതാണ് പ്രധാനപ്പെട്ടത്. രോഗിയായി കിടക്കയില്‍ ആയിരുന്ന അല്‍ഫോന്‍സാമ്മ നിരന്തരം പ്രാര്‍ത്ഥിച്ച്, രോഗം കൃപയാക്കി മാറ്റി .ഈ കബറിടം അനേകരുടെ ആകര്‍ഷണ കേന്ദ്രമാണ്. ദൈവം സംസാരിക്കുന്ന ഇടമാണ്. മനുഷ്യന് വഴിതെറ്റാതിരിക്കാന്‍ അല്‍ഫോന്‍സാമ്മ നല്‍കുന്ന പ്രബോധനം വളരെ വലുതാണ്. ബലിപീഠ കേന്ദ്രീകൃത ജീവിതം നയിക്കുവാന്‍, ദിവ്യകാരുണ്യം സ്വീകരിച്ച് ഇഹത്തിലും പരത്തിലും  വാന്മുഖരായി സഞ്ചരിക്കാന്‍, നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാന്‍അല്‍ഫോന്‍സാമ്മ ലോകത്തോട് പറയുന്നു. ദൈവകേന്ദ്രീകൃത ജീവിതം നയിക്കാന്‍ ദേവാലയത്തില്‍ നിന്ന് ലഭിക്കുന്ന ദൈവിക പ്രകാശം സ്വീകരിക്കണം, ദൈവവചനം വായിക്കണം ശരിയായ രീതിയില്‍ ജീവിക്കാന്‍ പ്രധാനപ്പെട്ടവയാണ്. 


.എല്ലാ കാര്യങ്ങളും ദൈവത്തിന് സമര്‍പ്പിച്ച് 'കര്‍ത്താവേ, അങ്ങ് എന്നെ നിയന്ത്രിക്കണമേ ,അങ്ങ് മഹത്വപ്പെടട്ടെ' എന്ന് പ്രാര്‍ത്ഥിക്കാന്‍ അല്‍ഫോന്‍സാമ്മ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ ദൈവം ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും ആണ്. ദൈവത്തെ കൂടാതെ ഒന്നും ചെയ്യാന്‍ നമുക്ക് കഴിയില്ല. പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തണം. ദൈവത്തിന്റെ ശക്തി ജീവിതകാലത്തും മരണശേഷവും അല്‍ഫോന്‍സാമ്മയിലൂടെ നാം കാണുകയാണ്. ആ മാതൃക തുടരാന്‍ നമ്മോടും ആവശ്യപ്പെടുന്നു എന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി. റവ. ഫാ. അബ്രാഹം ഏരിമറ്റത്തില്‍, റവ. ഫാ. തോമസ് തോട്ടുങ്കല്‍, റവ. ഫാ. അഭിഷേക് അടൂപ്പാറയില്‍  എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 


വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഫൊറോന പള്ളിയില്‍ ചങ്ങനാശ്ശരി അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്യ മാര്‍ തോമസ് തറയില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. റവ.ഫാ. ജോസഫ് പുരയിടത്തില്‍, റവ ഫാ. ജോസഫ് പള്ളയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 

വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ച് സന്ദേശം നല്‍കിയത്  റവ. ഫാ. തോമസ് കിഴക്കേക്കൊല്ലിത്താനം, റവ. ഡോ. ജോസഫ് മുത്തനാട്ട്, റവ. ഫാ. മാര്‍ട്ടിന്‍ മാന്നാത്ത് OFM Cap. , റവ. ഫാ. ജോസഫ് വാട്ടപ്പള്ളില്‍. , റവ. ഫാ. ജോസഫ് തറപ്പേല്‍, റവ. ഫാ. തോമസ് ബ്രാഹ്‌മണവേലില്‍ എന്നിവര്‍ തിങ്കളാഴ്ച ദിവ്യബലി അര്‍പ്പിച്ചു. 




Post a Comment

0 Comments