Latest News
Loading...

അപകടമേഖലയായി വേഴാങ്ങാനം കൃഷിഭവന്‍ ജംഗ്ഷന്‍



ഭരണങ്ങാനം പഞ്ചായത്തിലെ വേഴാങ്ങാനത്ത് രണ്ട് റോഡുകള്‍ സന്ധിക്കുന്ന ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു. പ്രവിത്താനം പ്ലാശനാല്‍ റോഡും വേഴാങ്ങാനം ഉള്ളനാട് റോഡും തമ്മില്‍ചേരുന്ന ജംഗ്ഷനിലാണ് അപകടങ്ങള്‍ പെരുകുന്നത്. ഉള്ളനാട് റോഡില്‍ നിന്നും പ്രധാന റോഡിലേയ്ക്ക് കയറുന്നിടത്ത് ദൂരക്കാഴ്ച ലഭിക്കാത്തതാണ് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നത്. ഇന്ന് രാവിലെ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. 



ഉള്ളനാട് റോഡില്‍ നിന്നും പ്രവിത്താനം റോഡിലേയ്ക്ക് കയറിയ കോളേജ് വിദ്യാര്‍ത്ഥിനി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇറക്കമിറങ്ങിവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ കണ്ട് ബൈക്ക് വെട്ടിച്ചെങ്കിലും ബൈക്ക് സ്‌കൂട്ടറിലിടിക്കുകയും മറിയുകയുമായിരുന്നു. ബൈക്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഹനത്തിനും സാരമായ തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ അപകടങ്ങളുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. 



പ്രവിത്താനം ഭാഗത്ത് നിന്നും ഇറക്കിമിറങ്ങിവരുന്ന വാഹനങ്ങള്‍ക്ക് ഉള്ളനാട് റോഡ് കാണാന്‍ സാധിക്കില്ല. പരിചയമുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ റോഡുള്ളതായി അറിയാവുന്നത്. ഉള്ളനാട് നിന്നും വരുന്ന വാഹനങ്ങള്‍ റോഡിന്റെ മധ്യഭാഗം വരെ കയറിയാലാണ് വാഹനം വരുന്നുണ്ടോയെന്ന് കാണാനാവുക. ഈ സമയം വേഗത്തില്‍ വാഹനങ്ങളെത്തിയാല്‍ അപകടം ഉറപ്പാണ്. കഴിഞ്ഞദിവസം ലോറി തട്ടിയും ഇവിടെ അപകടമുണ്ടായി. പ്ലാശനാല്‍ പ്രവിത്താനം റോഡില്‍ ജംഗ്ഷന് ഇരുവശത്തും മാര്‍ക്കിംഗ് ഇടുകയും ഉള്ളനാട് റോഡിന് അഭിമുഖമായി മിറര്‍ സ്ഥാപിക്കുകയും ചെയ്താല്‍ അപകടസാധ്യത കുറയ്ക്കാനാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 

കോണ്‍വെക്‌സ് മിറര്‍ ഉടന്‍ സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്റ്

വേഴാങ്ങാനം കൃഷിഭവന്‍ ജംഗ്ഷനിലെ അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എത്രയും വേഗം   പഞ്ചായത്തിന്റെ    മേല്‍നോട്ടത്തില്‍ ഇവിടെ  കോണ്‍വെക്‌സ് മിറര്‍  സ്ഥാപിക്കും.

സുധാ ഷാജി; ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments