1965ൽ അന്തരിച്ച ഡോ. പി. ജെ. തോമസിന്റെ അറുപതാം ചരമവാർഷികത്തോടനുബന്ധിച്ച് സെന്റ് തോമസ് കോളേജിൽ “ജി.എസ്.ടി. പരിണാമവും പരിണിതഫലങ്ങളും” എന്ന വിഷയത്തിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ ആരംഭിച്ചു. ഡോ. പി. ജെ. തോമസ് സെന്റർ ഫോർ സോഷ്യൽ സയൻസസ് റിസർച്ച് സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ച് ഡോ. പി. ജെ. തോമസ് ഡിജിറ്റൽ മ്യൂസിയവും ഉദ്ഘാടനം ചെയ്തു.
സെന്റ് ജോസഫ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് മേധാവി ഡോ. ബിജു കെ. സി. സ്വാഗതം ആശംസിച്ചു. കോളേജ് മാനേജരും പാലാ രൂപതാ പ്രോട്ടോ-സിഞ്ചെലൂസുമായ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രഭാഷണം എം. പി. ജോസഫ് ഐ.എ.എസ്. (റിട്ട.) നിർവഹിച്ചു. ഇന്ത്യയിലെ ആധുനിക നികുതി സംവിധാനത്തിന്റെ രൂപീകരണത്തിൽ ഡോ. പി. ജെ. തോമസിന്റെ നിർണായക സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു.
ഡോ. പി. ജെ. തോമസിന്റെ കൊച്ചുമകൾ മേരി മോനി ചാണ്ടി പ്രത്യേക പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സംഭാവനകളും മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അവർ ഓർമ്മിപ്പിച്ചു. തുടർന്ന് ഡോ. പി. ജെ. തോമസ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫസർ പിനാകി ചക്രബർത്തി, പി. സി. ജോസഫ് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ അസോസിയേറ്റ് പ്രൊഫഫസർ ഡോ. ജോബൻ കെ. ആന്റണി നന്ദി പറഞ്ഞു.
ജനുവരി 22ന് ജി.എസ്.ടി. എം.എസ്.എം.ഇകൾ, സ്റ്റാർട്ട്-അപ്പുകൾ, സംരംഭകത്വം, സംസ്ഥാന ധനകാര്യങ്ങൾ മേഖലകളില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ചുള്ള വിദഗ്ധ സെഷനുകളോടെ സെമിനാർ സമാപിക്കുന്നതാണ്.




0 Comments