പൂഞ്ഞാറില്‍ ഒരങ്കത്തിന് കൂടി തയാറാണെന്ന് പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി അണിയറയില്‍ ഒരുങ്ങുന്നതായി വിവരം. കഴിഞ്ഞ വര്‍ഷം രൂപംകൊള്ളുകയും ഈ ജനുവരിയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കുകയും ചെയ്ത കേരള കര്‍ഷക ഫെഢറേഷന്റെ പ്രതിനിധിയെയാണ് മല്‍സരരംഗത്തേയ്ക്ക് എത്തിക്കാന്‍ നീക്കം നടക്കുന്നത്. സ്വതന്ത്ര കര്‍ഷകസംഘടനയായി രൂപംകൊണ്ട കര്‍ഷക ഫെഡറേഷന്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മീനച്ചില്‍ താലൂക്കിലെ പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനും മീനച്ചിലാര്‍ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയുമായ എബി ഇമ്മാനുവല്‍ പൂണ്ടിക്കുളത്തിനെയാണ് രംഗത്തിറക്കാന്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
അവിഭക്ത കേരള കോണ്‍ഗ്രസിന്റെ മുന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളിയിലെ മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ. മാത്യു പാര്‍ട്ടി ചെയര്‍മാനായാണ് 2025 ഏപ്രിലില്‍ കേരള കര്‍ഷകഫെഡറേഷന്‍ രൂപംകൊണ്ടത്. ഇക്കഴിഞ്ഞ ജനുവരി 29നാണ് പാര്‍ട്ടി രജിസ്‌ട്രേഷന്‍ ലഭിച്ചത്. കടുത്തുരുത്തിയിലെ മുന്‍ എംഎല്‍എ പി.എം. മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും എം.വി. മണി, കെ.ഡി. ലൂയിസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചിരുന്നു. പി.എം മാത്യു കഴിഞ്ഞ ഡിസംബറില്‍ മരണപ്പെട്ടിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പാര്‍ട്ടിയുടെ സാധ്യതകള്‍ രൂപീകൃത വേളയില്‍തന്നെ പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയകുടുംബത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവരികയും എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേയ്ക്ക് ചുവടുമാറ്റുകയും ചെയ്ത എബിയുടെ സ്വീകാര്യതയെ വോട്ടാക്കി മാറ്റാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ഒരു സീറ്റ് ലഭിക്കുമെന്ന് ജോര്‍ജ്ജ് ജെ മാത്യുവിന്റെ സഹോദരനും പാര്‍ട്ടി നേതാവുമായ ജോണി മാത്യു പൊട്ടംകുളം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് വേണ്ടത്ര ഒരുങ്ങാനുള്ള സമയം ലഭിച്ചിട്ടില്ല. എന്നിരുന്നാലും മികച്ച സ്ഥാനാര്‍ത്ഥിയെ ലഭിച്ചാല്‍ മല്‍സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ആശങ്കകളും ദേശീയതയുമാണ് പാര്‍ട്ടിയുടെ അജണ്ടയുടെ കാതല്‍ എങ്കിലും, മുന്‍ കേരള കോണ്‍ഗ്രസിലെ നേതൃത്വത്തിന്റെ വേരുകള്‍, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പരമ്പരാഗത ശക്തികേന്ദ്രമായ മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടര്‍മാരെയും കര്‍ഷകരെയും ആകര്‍ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2023 ഏപ്രിലില്‍ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അന്ന് വി വി അഗസ്റ്റിന്‍ ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനും മാത്യു സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറിയുമായി നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) ഔപചാരികമായി ആരംഭിച്ചെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോണി നെല്ലൂര്‍ നിന്ന് പിന്മാറുകയായിരുന്നു.
എബിയുടെ സ്ഥാനാര്‍ത്ഥിത്വം അന്തിമമായിട്ടില്ലെങ്കിലും ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പൊതുവേ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് അകന്നുനില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന എബിയുടെ സമ്മതം ഇതുവരെ ലഭിക്കാത്തതാണ് തടസ്സമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ എബി വിസമ്മതിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments