പൂഞ്ഞാര്‍ തെക്കേക്കര ടൗണിലൂടെ അലഞ്ഞുതിരിയുന്ന ആടുകള്‍ വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. മുപ്പതിലധികം ആടുകളാണ് ദിവസവും ടൗണിലേയ്‌ക്കെത്തുന്നത്. ടൗണിനോട് ചേര്‍ന്നു താമസിക്കുന്ന വിദേശ വനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആടുകള്‍. നഗരത്തില്‍ അലയുന്ന ഇവ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ തിന്നുനശിപ്പിക്കുന്നതായും റോഡരികുകളിലെ പുരയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നതായും വ്യാപക പരാതിയാണ് ഉയരുന്നത്.
പൂഞ്ഞാര്‍ സ്വദേശി ജോസ് രാജനൊപ്പമാണ് റഷ്യക്കാരിയായ സെറ്റ്‌ലാന ഇവിടെയെത്തുന്നത്. 2012-ലായിരുന്നു ഇരുവരുടെയും വിവാഹരജിസ്‌ട്രേഷന്‍. യാത്രാ പ്രിയനായിരുന്ന ജോസിനെ 2022ലാണ് കാണാതാകുന്നത്. മെയ് 3ന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനു ശേഷം തനിച്ചായ ശ്വേത എന്ന സെറ്റ്‌ലാനയുടെ വരുമാനമാര്‍ഗമാണ് ആടുവളര്‍ത്തല്‍.
ആടുകള്‍ കൂട്ടത്തോടെ പൂഞ്ഞാര്‍ ടൗണ്‍ കീഴടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വാഴക്കുലയോ പച്ചക്കറികളോ കടയ്ക്ക് പുറത്ത് വയ്ക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. കാല്‍നടയാത്രികര്‍ക്കും എല്ലാവിധ വാഹനയാത്രികര്‍ക്കും ഇവ ഒരുപോലെ ശല്യമായി മാറിക്കഴിഞ്ഞു. ഉടമസ്ഥയോട് പലതവണ പരാതികള്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
വ്യാപാരികളും വ്യക്തികളും പഞ്ചായത്തില്‍ പരാതി നല്കിയിട്ടും കാര്യമായ നടപടികളുണ്ടായില്ല. സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് മുന്നില്‍ മാസങ്ങള്‍ക്ക് മുന്‍പ് സമരവും നടത്തിയിരുന്നു.
ജില്ലാ കളക്ടര്‍ക്ക് വരെ പരാതി പോയിരുന്നു. വിഷയത്തില്‍ റവന്യൂ അധികാരികളോട് അടക്കം ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments