പാലാ: സെന്റ് തോമസ് ഓട്ടണോമസ് കോളേജിൽ ഡോ. പി. ജെ. തോമസിന്റെ പേരിൽ സ്ഥാപിതമായ സെൻ്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21, 22 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 1965ൽ അന്തരിച്ച ഡോ. പി ജെ തോമസിൻ്റെ അറുപതാം ചരമവാർഷികത്തോടനുബന്ധിച്ചാണ് GST പരിണാമവും പരിണിതഫലങ്ങളും' എന്ന വിഷയത്തെ മുൻനിർത്തി സെമിനാർ നടത്തുന്നത്. കേരള സ്റ്റേറ്റ് ഫിനാൻസ് കമ്മീഷൻ ചെയർമാൻ പ്രൊഫ. കെ എൻ ഹരിലാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ. പി ജെ തോമസിൻ്റെ ജീവചരിത്രവും നിർണായകസംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ മ്യൂസിയത്തിൻ്റെ ഉദ്ഘാടനം യുണൈറ്റഡ് നേഷൻസിന്റെ ഒഫീഷ്യലും കേരളത്തിന്റെ അഡിഷണൽ സെക്രട്ടറിയുമായിരുന്ന എം പി ജോസഫ് ഐ.എ.എസ് നിർവഹിക്കും.
കേരള ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐ.എ.എസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ന്യൂഡൽഹി പ്രൊഫ. പിനാകി ചക്രവർത്തി, GIFT ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ്, ISED ഡയറക്ടർ ഡോ. പി എം മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. സെൻ്റ് ജോസഫ് ഹാളിൽ നടക്കുന്ന ദേശീയ സെമിനാറിൽ കേരളത്തിനകത്തും പുറത്തുംനിന്ന് നൂറിലധികം ഗവേഷകർ പങ്കെടുക്കും.
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ജവഹർലാൽ നെഹ്റുവിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവും കോളേജിൻ്റെ ആദ്യ പ്രിൻസിപ്പലുമായിരുന്നു ഡോ. പി.ജെ.തോമസ്. മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിൽ സി. രാജഗോപാലാചാരിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന കാലത്താണ് അദ്ദേഹം സേലം ജില്ലയിൽ സമ്പൂർണ്ണമദ്യനിരോധനം വിജയകരമായി നടപ്പിലാക്കിയത്. തന്മൂലമുണ്ടായ പൊതു വരുമാനത്തിന്റെ കുറവ് പരിഹരിക്കുവാൻ അദ്ദേഹം കൊണ്ടുവന്ന വിൽപ്പനനികുതി പിന്നീട് ഇന്ത്യ മുഴുവൻ നടപ്പിലാവുകയും ജി എസ് ടി യായി പരിവർത്തിപ്പിക്കപ്പെടുകയും ചെയ്തു. 1942 ൽ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെൻ്റിൻ്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ഡോ. പി ജെ തോമസ് 1944ൽ ലോക ബാങ്കിനും ഐ.എം.എഫിനും ജന്മം നൽകിയ ബ്രട്ടൻവുഡ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. തുടർന്ന് 1945ൽ സാൻഫ്രാൻസിസ്കോയിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കുകയും യു എൻ ചാപ്റ്റർ എഴുതി ഉണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
രാജ്യസഭാംഗമായി പ്രവർത്തിച്ച കാലത്ത് ഇന്ത്യൻ റെയിൽവേയ്ക്കും കാർഷികമേഖലയ്ക്കും ഗുണകരമായി മാറിയ അനേകം പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കി. തുടർന്ന് 1950ൽ പാലാ സെന്റ്തോമസ് കോളേജ് സ്ഥാപിക്കപ്പെട്ടപ്പോൾ പാലാ രൂപതയുടെ പ്രഥമമെത്രാൻ അഭിവന്ദ്യ വയലിൽ തിരുമേനിയുടെ ക്ഷണപ്രകാരം കോളേജിന്റെ പ്രഥമപ്രിൻസിപ്പലായി. കോളേജിൻ്റെ പിന്നീടുള്ള വളർച്ചയ്ക്ക് ഗതിവേഗം പകർന്നു നൽകിയതിൽ അദ്ദേഹത്തിന് നിർണായക സ്ഥാനമുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ 12 കൃതികളും അമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങളും ഇപ്പോഴും പ്രസക്തിയുള്ളവയാണ്. തൊഴിലുറപ്പ്പദ്ധതി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഭൂപരിഷ്കരണം, ഗ്രാമപഞ്ചായത്തുകളുടെയും സഹകരണ ബാങ്കുകളുടെയും പ്രാധാന്യം, സ്ഥിരമൂല്യമുള്ള കറൻസിയുടെ ആവശ്യകത, ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങളുടെയും വിഭവവിന്യാസത്തിന്റെയും പ്രാധാന്യം, സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഓഹരി വിപണിയുടെ ആവശ്യകത, ആരോഗ്യകരമായ രീതിയിൽ പ്രവർത്തിക്കുന്ന മികച്ച ബാങ്കിംഗ് സംവിധാനത്തിൻ്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെപ്പറ്റി എഴുതിയ പ്രബന്ധങ്ങൾ അദ്ദേഹത്തിൻ്റെ പാണ്ഡിത്യത്തിൻ്റെ നിദർശനമാണ്.
ഇന്ത്യയിലെ തുണിമില്ലുകളെപ്പറ്റി പഠിച്ചിരുന്ന ഫാക്ട് ഫൈൻഡിങ് കമ്മിറ്റി ചെയർമാൻ (1942), കുടിൽ വ്യവസായ കമ്മിറ്റി ചെയർമാൻ (1951), പ്ലാനിംഗ് കമ്മീഷൻ നിയമിച്ച പ്രൊഹിസിഷൻ കമ്മിറ്റി അംഗം (1955), തിരുവിതാംകൂർ കൊച്ചി ഗവൺമെന്റു്കളുടെ ബാങ്കിംഗ് എൻക്വയറി കമ്മീഷൻ അംഗം (1956), എന്നീ നിലകളിൽ പ്രവർത്തിച്ചതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം എഴുതി സമർപ്പിച്ച റിപ്പോർട്ടുകളും ചരിത്രത്തിൻ്റെ ഭാഗമാണ്. മഹാകവി വള്ളത്തോളിന്റെ ആത്മമിത്രമായിരുന്ന ഡോ. പി ജെ എഴുതിയ 'മലയാളസാഹിത്യവും ക്രിസ്ത്യാനികളും' എന്ന കൃതി സാഹിത്യ ചരിത്രത്തിൻ്റെ ഭാഗമാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments