പിഴകിൽ സ്കൂളിൽ മോഷണം. പിഴക് നിർമ്മല പബ്ലിക് സ്കൂളിലാണ് ഞായറാഴ്ച രാത്രി മോഷ്ടാവ് കടന്നു കയറിയത്. കുട്ടികൾ ടൂർ പോകുന്നതിനായി സമാഹരിച്ച പണം അപഹരിച്ചിട്ടുണ്ട്. ലാബിലും ലൈബ്രറിയിലും സ്കൂൾ ഓഫീസിലും കള്ളൻ അതിക്രമിച്ചു കയറി.
പാലാ തൊടുപുഴ റോഡിൽ പിഴകിൽ പ്രവർത്തിക്കുന്ന നിർമ്മല പബ്ലിക് സ്കൂളിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്. രാത്രി പതിനൊന്നരയോടെ എത്തിയ മോഷ്ടാവ് സ്കൂൾ ബസിന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന ലിവർ ഉപയോഗിച്ച് താഴ് തകർത്താണ് അകത്ത് കയറിയത്.
പിക്നിക് പോകുന്നതിനായി കുട്ടികൾ സമാഹരിച്ച 4500 രൂപയാണ് ക്ലാസ് റൂമിൽ നിന്നും മോഷ്ടിച്ചത്. ലിവർ ഉപയോഗിച്ച് കെമിസ്ട്രി ലാബിന്റെയും ലൈബ്രറിയുടെയും താഴ് തകർത്തിട്ടുണ്ട്. മറ്റൊരിടത്തുനിന്നും പണം നഷ്ടമായിട്ടില്ല.
നാലുവർഷം മുമ്പ് രണ്ടു തവണ ഇതേ സ്കൂളിൽ മോഷണം നടന്നിരുന്നു. പിഴകിലെ വ്യാപാരസ്ഥാപനങ്ങളിലും മോഷണം നിത്യസംഭവം ആയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമാനതലത്തിൽ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാവാകാനുള്ള സാധ്യതയെന്ന് പോലീസ് പറയുന്നു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി , വാർഡ് മെമ്പർ റീത്താമ്മ ജോർജ് എന്നിവർ അടക്കം സ്ഥലത്തെത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments